തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ഹാസ്യ സാഹിത്യകാരനായിരുന്ന വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ കൈയ്യെഴുത്ത് പ്രതികള്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് ഏറ്റെടുത്തു. കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ് പദ്ധതിയുടെ ഭാഗമായാണിത്.
നൂറിലേറെ ഹാസ്യ ഗ്രന്ഥങ്ങളുടെ രചയിതാവായ വേളൂര്‍ കൃഷ്ണന്‍കുട്ടി 1927 സെപ്റ്റംബര്‍ 19ന് കോട്ടയം ജില്ലയിലെ വേളൂരിലാണ് ജനിച്ചത്. പത്രപ്രവര്‍ത്തകനായാണ് എഴുത്തിന്‌റെ ലോകത്തെത്തിയത്. ദീപിക, കേരളധ്വനി പത്രാധിപ സമിതികളില്‍ അംഗമായിരുന്നു. കൊച്ചി സര്‍വകലാശാല സെനറ്റിലും ഓള്‍ ഇന്ത്യ റേഡിയോയുടെ ഉപദേശക സമിതിയിലും അംഗമായിരുന്നു. കെ.ജി. ജോര്‍ജ്ജിന്‌റെ സംവിധാനത്തില്‍ 1984-ല്‍ പുറത്തിറങ്ങിയ പഞ്ചവടി പാലം എന്ന ചലച്ചിത്രം കൃഷ്ണന്‍കുട്ടിയുടെ അതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ്.
മാസപ്പടി മാത്തുപിള്ള, അമ്പിളി അമ്മാവന്‍ തുടങ്ങിയവയും ചലച്ചിത്രമായി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , ഇ.വി. കൃഷ്ണപിള്ള സ്മാരക ജന്മ ശതാബ്ദി അവാര്‍ഡ് എന്നിവയടക്കമുള്ള ബഹുമതികളും ലഭിച്ചു.
2003 ഓഗസ്റ്റ് 22 നായിരുന്നു അന്ത്യം.













