ദോഹ: സുഡാനിലെ മധ്യ കോര്‍ഡോഫാന്‍ മേഖലയിലെ പ്രധാന നഗരമായ എല്‍-ഒബൈദില്‍ ഒരു ഖബറടക്ക ചടങ്ങിനിടെയുണ്ടായ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്രസഭ വക്താവ് അറിയിച്ചു.
റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) ആണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം.
കോര്‍ഡോഫാന്‍ മേഖലയിലെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യു. എന്‍ വക്താവ് പറഞ്ഞു.
സുഡാനിലെ പടിഞ്ഞാറന്‍ ഡാര്‍ഫര്‍ മേഖലയിലെ എല്‍-ഫാഷറില്‍ മനുഷ്യക്കുരുതികള്‍ നടന്ന നഗരം വൃത്തിയാക്കുന്നതിന്‌റെ ഭാഗമായി ആര്‍എസ്എഫ് കൂട്ടഖബറിടങ്ങള്‍ കുഴിക്കുകയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ യേല്‍ യൂണിവേഴ്സിറ്റിയിലെ ഒരു ഗവേഷകനെ ഉദ്ധരിച്ചുകൊണ്ട് അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്തു. ആര്‍എസ്എഫ് അധികാരം പിടിച്ചശേഷം കൂട്ടക്കൊലകളും കുടിയിറക്കവും നടന്ന നഗരമാണിത്.
ആര്‍എസ്എഫ് ‘നഗരത്തിലുടനീളം കൂട്ടക്കുഴിമാടങ്ങള്‍ കുഴിക്കുകയും മൃതദേഹങ്ങള്‍ നിറയ്‌ക്കുകയും ചെയ്യുന്നു. ‘ എന്ന് യേല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഹ്യുമാനിറ്റേറിയന്‍ റിസര്‍ച്ച് ലാബിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നഥാനിയേല്‍ റെയ്‌മണ്ട് പറഞ്ഞു.
ഒക്ടോബര്‍ 26 നാണ് നോര്‍ത്ത് ഡാര്‍ഫര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എല്‍-ഫാഷറിന്റെ നിയന്ത്രണം ആര്‍എസ്എഫ് പിടിച്ചെടുത്തത്.
ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച്, ആര്‍എസ്എഫ് നഗരം ഏറ്റെടുത്തതിനുശേഷം 70,000-ത്തിലധികം ആളുകള്‍ നഗരത്തില്‍ നിന്നും പലായനം ചെയ്തിട്ടുണ്ട്. കൂട്ടവധശിക്ഷകളും ലൈംഗിക അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
















