ലഖ്നൗ : യുപിയിലെ മാഫിയ തലവനായിരുന്ന മുഖ്താർ അൻസാരി കൈയടക്കിയ ഭൂമിയിൽ നിർമ്മിച്ച വീടുകളുടെ തക്കോൽ ദാനകർമ്മം ലഖ്‌നൗവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിച്ചു. ആകമാനം 72 ഫ്ലാറ്റുകളാണ് നിർമ്മിച്ചത്. സർദാർ വല്ലഭായ് പട്ടേൽ ഭവന പദ്ധതിയുടെ ഭാഗമായാണ് ഇവ നിർമ്മാണം പൂത്തീകരിച്ചത്. പത്ത് ഗുണഭോക്താക്കൾക്ക് ആണ് അദ്ദേഹം താക്കോൽ കൈമാറിയത്. പരിപാടിയിൽ മുഖ്യമന്ത്രി റെസിഡൻഷ്യൽ കോംപ്ലക്സിൽ ഒരു മരം നടുകയും ചെയ്തു. മന്ത്രിമാരായ സുരേഷ് ഖന്നയും ദിനേശ് ശർമ്മയും പരിപാടിയിൽ പങ്കെടുത്തു.
ഇന്ന് കാർത്തിക പൂർണിമ ദിനത്തിൽ ദരിദ്രർക്ക് ഭവന പദ്ധതികളുടെ താക്കോൽ കൈമാറുന്നത് എന്റെ ഭാഗ്യമാണെന്ന് യോഗി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ലഖ്‌നൗവിലെ കുപ്രസിദ്ധ മാഫിയയുടെ കൈയേറ്റത്തിൽ നിന്ന് മോചിപ്പിച്ച ഭൂമിയിൽ നിർമ്മിച്ച വീടുകൾ അനുവദിക്കുന്ന ഈ വേളയിൽ സന്നിഹിതരാകാൻ കഴിയുന്നത് ഒരു പദവിയാണ്. ഇത് വെറുമൊരു പരിപാടിയല്ല, മറിച്ച് ഏതെങ്കിലും മാഫിയയോ കുറ്റവാളിയോ, ദരിദ്രരുടെയോ ബിസിനസുകാരന്റെയോ പൊതു സ്വത്തിന്റെയോ സർക്കാർ ഭൂമിയുടെയോ സ്വത്ത് കൈയേറിയാൽ ഇവിടെയും പ്രയാഗ്‌രാജിലും സംഭവിച്ച അതേ വിധി അവർക്ക് നേരിടേണ്ടിവരുമെന്ന സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കൊള്ളക്കാരെ ആലിംഗനം ചെയ്യുകയും ദരിദ്രരെ ചൂഷണം ചെയ്യുകയും ചെയ്യുന്നന്നവർക്കുള്ള സന്ദേശമാണിത്. ഉത്തർപ്രദേശിൽ അവർക്ക് ഇനി ഇത് ചെയ്യാൻ കഴിയില്ലെന്നും യോഗി പറഞ്ഞു. ഇതിനു പുറമെ ഈ മാഫിയകൾ ദരിദ്രരെ ചൂഷണം ചെയ്യുകയും സാധാരണ പൗരന്മാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും ഭീഷണി ഉയർത്തുകയും ചെയ്യുന്നു. യുപിയിൽ സർക്കാർ രൂപീകരിച്ചതിന്റെ ആദ്യ ദിവസം തന്നെ ഉത്തർപ്രദേശിന്റെ പ്രതിച്ഛായ മാറ്റാൻ മാഫിയകൾക്കെതിരെ ഒരു സീറോ ടോളറൻസ് നയം നടപ്പിലാക്കണമെന്ന് തീരുമാനിച്ചു. മാഫിയകൾക്കെതിരെ യാതൊരു മടിയും കൂടാതെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ ഭൂമി കൈയേറ്റങ്ങൾ സംസ്ഥാനം ഇനി അനുവദിക്കില്ല എന്ന സന്ദേശമാണ് മാഫിയകളെ പിന്തുണയ്‌ക്കുന്നവർക്കുള്ളതെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. കുറ്റവാളികളിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കാനും ആവശ്യക്കാർക്ക് വീട് നൽകാനുമുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ ദൃഢനിശ്ചയ ശ്രമത്തെയാണ് ഈ പരിപാടി പ്രതീകപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















