മുംബൈ: മഹാരാഷ്‌ട്ര സർക്കാരിന്റെ മന്ത്രിസഭാ യോഗത്തിൽ ഇസ്ലാംപുരിന്റെ പേര് ഔദ്യോഗികമായി ഈശ്വർപുർ എന്നാക്കി മാറ്റി. മന്ത്രിസഭാ യോഗത്തിന് ശേഷം, സാംഗ്ലി ജില്ലയിലെ ഇസ്ലാംപുർ തഹസിൽ ഇനി ഈശ്വർപുർ എന്നറിയപ്പെടുമെന്ന് പ്രസ്താവിച്ചുകൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ ഇൻസ്റ്റാഗ്രാമിൽ ഇക്കാര്യം പോസ്റ്റ് ചെയ്തുകൊണ്ട് കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞു.
“ഇസ്ലാംപുരിന്റെ പേര് മാറ്റി – ഇനി അത് ‘ഈശ്വർപുർ’ എന്നായിരിക്കും! ചരിത്രപരമായ തീരുമാനം. മഹാരാഷ്‌ട്രയിലെ ഇസ്ലാംപുരിന്റെ പേര് ‘ഈശ്വർപുർ’ എന്ന് മാറ്റാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രദേശവാസികളുടെ വികാരങ്ങളെ മാനിച്ചാണ് ഈ തീരുമാനം എടുത്തത്. വർഷങ്ങളായി പൗരന്മാർ നിരന്തരം ഈ ആവശ്യം ഉന്നയിച്ചിരുന്നു. തദ്ദേശീയ ജനപ്രതിനിധികളും നിയമസഭയിൽ ഈ വിഷയം ആവർത്തിച്ച് ഉന്നയിച്ചിരുന്നു.” – അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇതിന് പുറമെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര സർക്കാരിന് മുന്നിൽ ഈ പൊതു ആവശ്യം ശക്തമായി അവതരിപ്പിച്ചുവെന്നും തുടർന്ന് ജനങ്ങളുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ തീരുമാനം എടുത്തിട്ടുണ്ടെന്നും ചന്ദ്രശേഖർ ബവൻകുലെ എഴുതി. ഈ ചരിത്രപരമായ തീരുമാനത്തിനായി നിരന്തരം പരിശ്രമിക്കുകയും പോരാടുകയും ചെയ്ത എല്ലാ പൗരന്മാരെയും അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ ഈ ചരിത്രപരമായ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
അതേ സമയം മഹാരാഷ്‌ട്രയിലെ നിരവധി നഗരങ്ങളുടെ പേര് ഇതിനകം മാറ്റിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഔറംഗബാദ്, ഉസ്മാനാബാദ്, അഹമ്മദ്‌നഗർ തുടങ്ങിയ ശ്രദ്ധേയമായ പേരുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഉസ്മാനാബാദിനെ ധരശിവ് എന്നും അഹമ്മദ്‌നഗറിനെ അഹല്യനഗർ എന്നും അടുത്തിടെ പുനർനാമകരണം ചെയ്തിരുന്നു.
















