പട്ന : രാജ്യത്തെ ജനസംഖ്യയുടെ 10% പേർ മാത്രമാണ് ഇന്ത്യൻ സൈന്യത്തെ നിയന്ത്രിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ബിഹാറിലെ കുടംബയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ.
” രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനവും ദളിത്, മഹാദളിത്, പിന്നോക്ക, അങ്ങേയറ്റം പിന്നോക്ക അല്ലെങ്കിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരാണ്. 500 വലിയ കമ്പനികളുടെ പട്ടിക പരിശോധിച്ചാൽ, പിന്നാക്ക അല്ലെങ്കിൽ ദളിത് സമുദായങ്ങളിൽ നിന്നുള്ള ആരെയും നിങ്ങൾക്ക് അവിടെ കണ്ടെത്താനാവില്ല. അവരെല്ലാം മുകളിലെ 10 ശതമാനത്തിൽ നിന്നുള്ളവരാണ്. എല്ലാ ജോലികളും അവരിലേക്കാണ് പോകുന്നത്. സൈന്യത്തെ നിയന്ത്രിക്കുന്നത് ആ 10 ശതമാനം ആളുകളാണ്. ശേഷിക്കുന്ന 90 ശതമാനം ജനസംഖ്യയുടെയും പ്രാതിനിധ്യം നിങ്ങൾക്ക് എവിടെയും കണ്ടെത്താൻ കഴിയില്ല,” എന്നാണ് രാഹുലിന്റെ പ്രസ്താവന.
എന്തിനും , ഏതിനും ഉന്നത ജാതിയെ കുറ്റപ്പെടുത്തുന്ന രാഹുലിന്റെ നയത്തിനെതിരെയും, സൈന്യത്തെ പറ്റി വരെ അപമാനകരമായ പ്രസ്താവനകൾ നടത്തുകയും ചെയ്ത രാഹുലിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
രാഹുൽ ഗാന്ധി ഇന്ത്യൻ സൈന്യത്തിന്റെ എതിരാളിയാണെന്ന് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. “രാഹുൽ ഗാന്ധി ഇപ്പോൾ നമ്മുടെ സായുധ സേനയെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ സൈന്യവും നാവികസേനയും വ്യോമസേനയും ജാതിക്കോ മതത്തിനോ വർഗത്തിനോ അല്ല, മറിച്ച് രാജ്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. രാഹുൽ ഗാന്ധി നമ്മുടെ ധീരരായ സായുധ സേനയെ വെറുക്കുന്നു. അദ്ദേഹം ഇന്ത്യൻ സൈന്യത്തിന് എതിരാണ്.”പ്രദീപ് ഭണ്ഡാരി പറഞ്ഞു.
















