ന്യൂദല്‍ഹി:സര്‍വ ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് ലഭിക്കാനുള്ള തുകയുടെ ആദ്യഗഡു കേന്ദ്രം കൈമാറി.92.41 കോടി രൂപയാണ് കൈമാറിയത്.ആദ്യ ഗഡുവായി 109 കോടി രൂപയാണ് കേരളം സമര്‍പ്പിച്ച പ്രൊപ്പോസല്‍. നോണ്‍ റക്കറിംഗ് ഇനത്തില്‍ ഇനി 17 കോടിയാണ് കിട്ടാന്‍ ഉള്ളത്.രണ്ടും മൂന്നും ഗഡു ഉടന്‍ ലഭിക്കുമെന്നും അറിയിച്ചു.
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയെങ്കിലും കേന്ദ്രത്തിനു കത്ത് അയച്ചിരുന്നില്ല.തുക ഉടന്‍ കൈമാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിക്കുകയുണ്ടായി.കേരളത്തിലെ റിസോഴ്സ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.
അര്‍ഹമായ തുക പോലും സംസ്ഥാനത്തിന് കിട്ടുന്നില്ലെന്നും സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സിനെ സ്ഥിരപ്പെടുത്താനുള്ള തുക കണ്ടെത്തണമെന്നും കേരളം കോടതിയില്‍ പറഞ്ഞു.
ഈ മാസം പത്തിന് ദല്‍ഹിയിലെത്തി ഫണ്ട് ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കേണ്ടി വന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
















