കൊല്‍ക്കൊത്ത: 12 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണപ്രദേശങ്ങളിലും വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധന (എസ് ഐ ആര്‍) നടക്കാനിരിക്കെ ബംഗാളില്‍ അതിന് തടയിടാന്‍ തെരുവിലിറങ്ങി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടന്ന പ്രകടനത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. പക്ഷെ ഇത് ജമാഅത്തിന്റെ പ്രകടനമാണെന്ന് ബിജെപി ആരോപിച്ചു.
കൊല്‍ക്കത്തയില്‍ മമത എസ് ഐ ആറിനെതിരെ നടത്തിയ പ്രകടനത്തെ ബിജെപി നേതാവ് സുവേന്ദു അധികാരി വിമര്‍ശിച്ചു. ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടന്നത് മമതയുടെ റാലിയല്ല, ജമാഅത്തെയുടെ റാലിയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് കൂടിയായ സുവേന്ദു അധികാരി തിരിച്ചടിച്ചു. ഈ റാലി ഇന്ത്യന്‍ ഭരണഘടനയ്‌ക്കും അതിന്റെ മൂല്യങ്ങള്‍ക്കും എതിരായുള്ളതാണെന്നുംസുവേന്ദു അധികാരി പറഞ്ഞു.
പരാതിയുണ്ടെങ്കില്‍ തെരുവിലല്ല, സുപ്രീംകോടതിയുടെ വാതിലില്‍ മുട്ടൂ: ബിജെപി പ്രസിഡന്‍റ്
എസ് ഐ ആറിനെതിരെ മമതയ്‌ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ പോയി പറയൂവെന്നാണ് ബംഗാളിലെ ബിജെപി പ്രസിഡന്‍റ് സമിക് ഭട്ടാചാര്യ പ്രതികരിച്ചത്. ബംഗാളില്‍ ക്രമസമാധാനമില്ലെന്ന് മാത്രമല്ല സമ്പൂര്‍ണ്ണ അരാജകത്വമാണന്നും ഭട്ടാചാര്യ തിരിച്ചടിച്ചു.
മമത ബാനര്‍ജി രോഹിംഗ്യകളെ ബംഗാളിലേക്ക് വിളിച്ചുകയറ്റുകയാണ്. ബംഗാളിലെ ജനസംഖ്യാഘടന തന്നെ അട്ടിമറിക്കുകയാണ്. രോഹിംഗ്യകളെ ബംഗാളിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് താല്‍പര്യമുണ്ടോ?- സമിക് ഭട്ടാചാര്യ ചോദിച്ചു.
കൊല്‍ക്കത്തയില്‍ 3.8 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു മമതയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. “രണ്ട് ദിവസത്തില്‍ ഇത്രയും പേരെ ഞങ്ങള്‍ സംഘടിപ്പിച്ചു. ഇനി ദല്‍ഹിയിലേക്ക് പോകാന്‍ ഞങ്ങളെ ഇടവരുത്തരുത്. ഇക്കാര്യത്തില്‍ ദല്‍ഹിയിലെ ജമീന്ദര്‍മാരെ ഞങ്ങള്‍ അനുസരിക്കില്ല. “-മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി പൊതുയോഗത്തില്‍ അഭിപ്രായപ്പെട്ടു. അസംഘടിതമേഖലയിലുള്ള തൊഴിലാളികള്‍ അവരുടെ പേര് പട്ടികയില്‍ നിന്നും വെട്ടിപ്പോകുമോ എന്ന് ആശങ്കപ്പെടുകയാണ്. ഒരാള്‍ ബംഗ്ലാ സംസാരിച്ചതുകൊണ്ട് അയാള്‍ ബംഗ്ലാദേശിയാകില്ലെന്നും മമത പറഞ്ഞു.
മമതയുടെ അനധികൃത വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ നടത്തിയ യാത്ര
മമത അവരുടെ അനധികൃത വോട്ട് ബാങ്കിനെ രക്ഷിക്കാന്‍ നടത്തിയ മാര്‍ച്ചാണ് ഇതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. ബംഗാളിലെ വോട്ടര്‍മാരുടെ എണ്ണം അസാധാരണമായ രീതിയില്‍ പെരുകുകയാണ്. 2001 മുതല്‍ ഇതുവരെയുള്ള കാലഘട്ടമെടുത്താല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 31 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.
12 സംസ്ഥാനങ്ങളില്‍, 51 കോടി വോട്ടര്‍മാര്‍
12 സംസ്ഥാനങ്ങളിലെ എസ് ഐ ആര്‍ വഴി 51 കോടി വോട്ടര്‍മാരുടെ വിവരങ്ങളാണ് പുനപരിശോധനയ്‌ക്ക് വിധേയമാവുക. തമിഴ്നാട്, കേരളം, ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, ഗോവ, ഗുജറാത്ത്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍റ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധന നടക്കാന്‍ പോകുന്നത്.
















