ചെന്നൈ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. ശിവഗംഗ സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് പിടിയിലായത്. ഇതിൽ സതീഷും കാർത്തിക്കും സഹോദരങ്ങളാണ്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചു വീഴ്‌ത്തുകയായിരുന്നു.
പരിക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പോലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പോലീസ് പറയുന്നത്. കൈയ്‌ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയിലാണ് എംബിഎ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ഒരു സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം തന്റെ ആണ്‍സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ജനൽ കല്ലുകൊണ്ടു തല്ലിത്തകർത്ത ശേഷം യുവാവിനെ വാൾ കൊണ്ടു വെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭയന്ന യുവാവ് ബോധംമറയും മുൻപ് പോലീസിനെ വിവരമറിയിച്ചു.
















