ന്യൂദല്‍ഹി: ഷാഫി പറമ്പില്‍ എംപിക്ക് പൊലീസ് മര്‍ദനമേറ്റ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ലോക്‌സഭ സെക്രട്ടേറിയറ്റ്.പതിനഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തരമന്ത്രാലയത്തിന് നിര്‍ദേശം. കേരള സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കണമെന്നും നിര്‍ദേശമുണ്ട്.
പേരാമ്പ്രയില്‍ യുഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. എംപിമാരായ ഷാഫിപറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ നല്‍കിയ പരാതികളിലാണ് ലോക് സഭ സെക്രട്ടറിയേറ്റ് ഇടപെടല്‍. പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് ഷാഫി പറമ്പിലിന്റെ പരാതി.
പേരാമ്പ്ര ഡിവൈഎസ്പി എന്‍.സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസുകാര്‍ മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. റൂറല്‍ എസ്പി ഇക്കാര്യം സമ്മതിച്ച സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.റൂറല്‍ എസ്പി കെ.ഇ.ബൈജുവിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്.
പേരാമ്പ്രയില്‍ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിലാണ് താന്‍ പോയത്. അവിടെ ക്രമസമാധാന പ്രശ്നമുണ്ടായിരുന്നില്ല. എന്നാല്‍ പൊലീസ് ഇടപെട്ട് പ്രശ്‌നം വഷളാക്കിയെന്ന് ഷാഫി പറമ്പില്‍ പരാതിയില്‍ പറയുന്നു.
















