രണ്ടാം ലോകയുദ്ധത്തിന്റെ പ്രധാനകാരണക്കാരിലൊരാൾ ഹിറ്റ്ലറായിരുന്നു. ജർമനിയെ അടക്കിഭരിച്ച ഹിറ്റ്ലർ അളവറ്റ സമ്പത്തിനും ഉടമയായിരുന്നു. ഏകദേശം 400 കോടി യുഎസ് ഡോളർ മൂല്യമുള്ളതായിരുന്നു ഹിറ്റ്ലറിന്റെ ഈ സമ്പത്ത്. മറ്റു രാജ്യങ്ങളിൽ നിന്നും മറ്റും കവർന്നെടുത്ത സ്വർണക്കട്ടികളായിരുന്നു ഇവയിൽ അധികവും.
ജർമനിയിലെ റീഷ്ബാങ്കിലായിരുന്നു ഈ സമ്പത്ത് സൂക്ഷിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് ബാങ്കിൽനിന്നും അപ്രത്യക്ഷമായി. എങ്ങോട്ടേക്കാണ് ഇതു പോയതെന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം. ഇന്നും ധാരാളം പേർ ഈ വമ്പൻ നിധി കണ്ടെത്താനായി വലിയ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
1945 ജനുവരിയായപ്പോഴേക്കും സോവിയറ്റ് സേന ബെർലിൻ പിടിച്ചടക്കുമെന്ന നില വന്നു. ഇതോടെ തന്റെ ഓഫിസിന് 55 അടി താഴെ സ്ഥിതി ചെയ്ത ബങ്കറിലേക്കു ഹിറ്റ്ലർ പിൻവാങ്ങി. യുദ്ധങ്ങളോ പൊടുന്നനെയുള്ള വ്യോമാക്രമണങ്ങളോ വന്നാൽ ഉടനടി രക്ഷപ്പെടാനായാണ് ആ ബങ്കർ പണികഴിപ്പിച്ചിരുന്നത്. 18 മുറികളുണ്ടായിരുന്ന അതിൽ പ്രത്യേക വൈദ്യുതി, ജല വിതരണ സംവിധാനങ്ങളുമുണ്ടായിരുന്നു. കൂടെ ഭാര്യ ഈവാ ബ്രൗണും ജീവിച്ചു.പിന്നീട് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.
ജർമനിയിലെ ഡ്യൂച്ച്നുഡോർഫിലെ ഏതോ ഒരു വിദൂരമേഖലയിൽ ഹിറ്റ്ലർ ഈ സമ്പത്ത് ഒളിപ്പിച്ചെന്നാണു പ്രബലമായ ഒരു വിശ്വാസം. ഓസ്ട്രിയയിലെ ടോപ്ലിറ്റ്്സ് തടാകത്തിന്റെ അടിത്തട്ടിൽ ഈ നിധി സ്ഥിതി ചെയ്യുന്നുണ്ടെന്നു കുറേപ്പേർ കരുതുന്നു. ലോകമെമ്പാടുമുള്ള ബാങ്ക് അക്കൗണ്ടുകളിലായി ഈ നിധി രഹസ്യമായി നിക്ഷേപിച്ചിട്ടുണ്ടെന്നാണു മറ്റൊരു പ്രബലവിശ്വാസം. ഏതായാലും അനേകം നിധിവേട്ടക്കാരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ഈ നിധി ഇതുവരെ കണ്ടെത്തിയിട്ടില്ല.
















