കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി വൃദ്ധനായ മുസ്ലീം പുരുഷനെ വിവാഹം കഴിപ്പിച്ച ഹിന്ദു പെൺകുട്ടിയ്‌ക്ക് നീതി നേടിക്കൊടുത്ത് കോടതി. കോടതി ഉത്തരവിനെത്തുടർന്ന് കുടുംബവുമായി വീണ്ടും പെൺകുട്ടി ഒന്നിച്ചതായി പ്രാദേശിക ഹിന്ദു നേതാവ് പറഞ്ഞു.
കറാച്ചിയിൽ നിന്ന് ഏകദേശം 310 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഉമർകോട്ടിലെ ഒരു കോടതി സുനിത കുമാരി മഹാരാജിനെ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ ഉത്തരവിട്ടതായി കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ പ്രതിനിധീകരിച്ച ഹിന്ദു ആക്ടിവിസ്റ്റ് ശിവ് കാച്ചി പറഞ്ഞു. മിർപുർഖാസ് ജില്ലയിലെ കുൻറി പട്ടണത്തിൽ നിന്നാണ് സുനിതയെ തട്ടിക്കൊണ്ടുപോയി പിന്നീട് നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തത്.
മതം മാറിയ ശേഷം സുനിതയെ 70 വയസിലധികം പ്രായമുള്ള ഒരു മുസ്ലീം പുരുഷനുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. നീതി ലഭിച്ച ഭാഗ്യവതിയായ ചുരുക്കം ചില ഹിന്ദു പെൺകുട്ടികളിൽ ഒരാളാണ് സുനിതയെന്ന് പ്രാദേശിക ഹിന്ദു സമൂഹ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും പറഞ്ഞു.
അതേ സമയം സുനിതയുടെ കേസ് ഒറ്റപ്പെട്ട ഒന്നല്ലെന്ന് ഉമർകോട്ടിൽ നിന്നുള്ള അഭിഭാഷകനായ ചന്ദർ കോഹ്‌ലി പറഞ്ഞു. ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, വിവാഹം എന്നിവ സിന്ധിലെ ഹൈന്ദവ സമൂഹത്തെ ഭീതിയിലാഴ്‌ത്തുന്ന ഒരു വിപത്താണെന്ന് അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളും ആക്ടിവിസ്റ്റുകളും കേസ് ഫയൽ ചെയ്തതിന് ശേഷമാണ് സുനിതയെ ഉമർകോട്ടിൽ നിന്ന് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിരവധി വാദം കേൾക്കലുകൾക്ക് ശേഷമാണ് കോടതി പെൺകുട്ടിയെ സ്വന്തം ഭവനത്തിലേക്ക് അയച്ചത്.
മിക്ക കേസുകളിലും പ്രതികൾ തങ്ങളുടെ വിവാഹത്തെ ന്യായീകരിക്കുന്നതിനും പെൺകുട്ടിയുടെ സമ്മതത്തോടെയാണ് വിവാഹമെന്നും തെളിയിക്കുന്നതിനും വ്യാജ രേഖകൾ ഹാജരാക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്നും അഭിഭാഷകൻ പറഞ്ഞു. ഇരകളായ പെൺകുട്ടികളിൽ ഭൂരിഭാഗവും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്, അവർക്ക് അവരുടെ കേസ് വാദിക്കാൻ പണമോ അറിവോ ഇല്ലെന്നും കോഹ്‌ലി പറഞ്ഞു.
കഴിഞ്ഞ മാസം ആദ്യം സമാനമായ ഒരു കേസിൽ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഒരു 15 വയസ്സുള്ള ഒരു ഹിന്ദു പെൺകുട്ടി തന്റെ കുടുംബത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് കോടതിയിൽ അപേക്ഷിച്ചിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത് പിന്നീട് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു.
















