മൂന്നാര്‍: മൂന്നാറില്‍ നിന്ന് യൂബര്‍ ടാക്സി ബുക്ക് ചെയ്ത മുംബൈ സ്വദേശിനിയായ ടൂറിസ്റ്റ് ജാന്‍വിയെ ടാക്‌സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ യുവതിയ്‌ക്കൊപ്പം നില്‍ക്കാതെ ജോലിയില്‍ കൃത്യവിലോപം കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ജോര്‍ജ് കുര്യന്‍, എഎസ്‌ഐ സാജു പൗലോസ് എന്നിവര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്.
മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ജാന്‍വി തിരികെ പോകാന്‍ യൂബര്‍ ടാക്‌സി വിളിച്ചെങ്കിലും പ്രദേശത്തെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ജാന്‍വി പൊലീസ് സഹായം തേടി. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയെ കേള്‍ക്കാതെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കൊപ്പം നില്‍ക്കുകയും യുവതിയെ മോശമായി പെരുമാറിയവരില്‍ ഒരാളുടെ ടാക്‌സിയില്‍ നിര്‍ബന്ധിച്ചു കയറ്റിവിടുകയുമായിരുന്നു. ഒക്ടോബര്‍ 31 നടന്ന ഈ സംഭവത്തെക്കുറിച്ച് ജാന്‍വി സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത് കേരള ടൂറിസത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
















