കോഴിക്കോട്: ഹൈക്കോടതി വിധിയും മറികടന്ന്, ഇതര ആവശ്യങ്ങൾക്ക് നിർമ്മിച്ച കെട്ടിടത്തിൽ ‘നിസ്‌കാരപ്പള്ളി’ തുറന്നതിനെ തുടർന്ന് ചട്ടലംഘനത്തിന് പരാതി. പഞ്ചായത്ത് സെക്രട്ടറിയുടെ രേഖാമൂലമുള്ള വിലക്ക് വകവെക്കാതെയാണ് നിസ്‌കാര നടപടി.
തുടർച്ചയായി രണ്ട് വെള്ളിയാഴ്ച പന്തീരാങ്കാവിലെ ഈ കെട്ടിടത്തിൽ നിസ്‌കാരം നടക്കുകയാണ്. ഇതിനെതിരേ പ്രദേശവാസികൾ നൽകിയ പരാതികളിൽ പോലീസ് നടപടിയാരംഭിച്ചിട്ടുണ്ട്.
ഒളവണ്ണ പഞ്ചായത്തിൽ പന്തീരാങ്കാവ് ആന്തേരിനിലത്തെ കെട്ടിടത്തിലാണ് ചട്ടലംഘനം.
ഇവിടെ അസംബ്ലി കെട്ടിടം, കൺവൻഷൻ സെന്റർ, ഓഡിറ്റോറിയം, കല്യാണമണ്ഡപങ്ങൾ, താമസസൗകര്യം, സിനിമാ തീയേറ്റർ എന്നീ ആവശ്യങ്ങൾക്കാണ് കെട്ടിട നിർമ്മാണ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ വർഷങ്ങൾക്കുമുമ്പേ ഈ കെട്ടിടത്തിന്റെ നിർമ്മാണ ലക്ഷ്യത്തിൽ സംശയം തോന്നിയ പരിസരവാസികൾ വിവരാവകാശ നിയമപ്രകാരം കെട്ടിടത്തെക്കുറിച്ച് സമ്പാദിച്ച രേഖകളിൽ അതിൽ ആരാധനാലയമില്ല.
ഇക്കഴിഞ്ഞ ഒക്‌ടോബർ 24 ന് വിദൂര സ്ഥലങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെയെത്തി വെള്ളിയാഴ്ച ജുമാ പ്രാർത്ഥന നടത്തി. കെട്ടിടത്തിൽനിന്ന് വാങ്ക്‌വിളിയും ഉണ്ടായി. ഇതിനെ തുടർന്ന് നാട്ടുകാർ ചട്ടലംഘനം ചൂണ്ടിക്കാട്ടി പോലീസിനെ വിവരം അറിയിച്ചു. ജില്ലാ കളക്ടർ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ രേഖാമൂലം പരാതിപ്പെടുകയും ചെയ്തു.

എന്നാൽ, ഒക്‌ടോബർ 31 ന് വെള്ളിയാഴ്ചയും മതഗ്രന്ഥപാരായാണവും ജുമാ നിസ്‌കാരവും നടന്നു. പരിസരവാസികളോ പ്രദേശത്തുള്ളവരോ പോലുമുള്ളവരല്ല നിസ്‌കാരത്തിനെത്തുന്നത്.
ഇതേ തുടർന്ന് വീണ്ടും പോലീസിൽ വിവരമറിയിച്ചുവെങ്കിലും പോലീസ് എത്തിയത് നിസ്‌കാരം കഴിഞ്ഞ് ആളുകൾ പിരിഞ്ഞശേഷമാണ്. എന്നാൽ പരാതിക്കാർ രേഖകൾ കൈമാറുകയും ദൃശ്യങ്ങളും ചിത്രങ്ങളും നൽകുകയും മറ്റും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഷോപ്പിങ് കോംപ്ലക്‌സ് ഉടമയെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പരാതിക്കാരായ ജനകീയ സമിതി കൺവീനർ മൂപ്പിൽ ദാസൻ, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.രാഗേഷ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പോലീസ് ഇൻസ്‌പെക്ടർ ചർച്ച നടത്തിയത്.
ഇതര ആവശ്യങ്ങൾക്കായി നിർമ്മിച്ച കെട്ടിടം ആരാധനാലയമാക്കി മാറ്റരുതെന്ന കേരള ഹൈക്കോടതിയുടെ 2022 ആഗസ്ത് 26 ലെ വിധിയുടെ ലംഘനംകൂടിയാണ് ഈ ആസൂത്രിത നിസ്‌കാരമെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്.













