ഇടുക്കി: മുംബൈയില്‍ അസി. പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്രചെയ്തപ്പോള്‍ പ്രദേശവാസികളായ ടാക്‌സി ഡ്രൈവര്‍മാരില്‍നിന്നും പോലീസില്‍നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഒക്ടോബര്‍ 31-ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ജാന്‍വി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞത്.
ഓൺലൈനായി ബുക്ക് ചെയ്ത ടാക്‌സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമായിരുന്നു ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. എന്നാൽ ഇതിനിടെ മൂന്നാറിൽ ഓൺലൈൻ ടാക്‌സിക്ക് നിരോധനമുണ്ടെന്നും ഇതുസംബന്ധിച്ച് കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരുസംഘം തടഞ്ഞു. പ്രദേശത്തെ ടാക്‌സിയിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ എന്നായിരുന്നു ഇവരുടെ നിലപാട്. തുടർന്ന് യുവതി പോലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പോലീസും ഇതേ നിലപാടാണ് സ്വീകരിച്ചതെന്ന് യുവതി വീഡിയോയിൽ പറഞ്ഞു. ഇതോടെ മറ്റൊരു ടാക്‌സിയിൽ യാത്ര ചെയ്യേണ്ടി വന്നുവെന്നും സന്ദർശനം അവസാനിപ്പിച്ച് മടങ്ങിയെന്നും ജാൻവി വീഡിയോയിൽ വെളിപ്പെടുത്തി.
‘സ്വന്തം ഇഷ്ടപ്രകാരമുള്ള ഗതാഗതരീതി തിരഞ്ഞെടുക്കാൻ എല്ലാവർക്കും ഭരണഘടനാപരമായ അവകാശമുണ്ട്. യൂണിയൻ ടാക്‌സി ഡ്രൈവർമാർ ഓൺലൈൻ ടാക്‌സി നിരക്കിനേക്കാൾ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്. അനുഭവം ഓൺലൈനിൽ വെളിപ്പെടുത്തിയപ്പോൾ സമാനമായ ദുരനുഭവം നേരിട്ടതായി പല സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കുവച്ചു. കേരളത്തിന്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. കേരളത്തെ വളരെ ഇഷ്ടമായിരുന്നു. എന്നാൽ സുരക്ഷിത്വം തോന്നാത്ത സ്ഥലം സന്ദർശിക്കാൻ എനിക്കിനി കഴിയില്ല’- എന്നും യുവതി വീഡിയോയിൽ പറഞ്ഞു.
വീഡിയോ വൈറലായതോടെ മൂന്നാര്‍ പോലീസ് സ്വമേധയാ കേസെടുത്തു. യൂബര്‍ വിരുദ്ധ ടാക്‌സി ഡ്രൈവര്‍മാരാണ് പ്രതികള്‍. എഫ് ഐ ആറില്‍ ആരുടേയും പേരുകളില്ല. യൂബര്‍ ടാക്‌സിയില്‍ കയറിയതാണ് പ്രകോപനമെന്നും എഫ് ഐ ആറിലുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 126(2), 351(2), 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതില്‍ ആദ്യ രണ്ടു വകുപ്പുകള്‍ ജാമ്യമുള്ളതാണ്. പെറ്റി കേസിന് സമാനം. അതുകൊണ്ട് മൂന്നാമത്തെ വകുപ്പും ജാമ്യമുള്ളതായി മാറും. ഫലത്തില്‍ ഈ കേസ് കൊണ്ട് ഡ്രൈവര്‍മാര്‍ക്ക് പിഴ ശിക്ഷയ്‌ക്ക് മാത്രമേ സാധ്യതയുള്ളൂ.
ഗൗരവമുള്ള വകുപ്പുകളില്‍ കേസെടുക്കേണ്ട സാഹചര്യമുണ്ട്. സ്ത്രീയെ തടഞ്ഞു വയ്‌ക്കുന്നതും ഭീഷണിപ്പെടുത്തുന്നതിനുമുള്ള വകുപ്പുകള്‍ ഈ കേസില്‍ വരേണ്ടതുണ്ട്.
















