പട്ന: ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനും കോണ്‍ഗ്രസിനും ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുകൂട്ടരും ഇപ്പോഴും ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്ന് മുക്തരായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബീഹാറിലെ ആരയില്‍ തെര. പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്റു കുടുംബത്തെ കോണ്‍ഗ്രസിന്റെ രാജകുടുംബം എന്ന് വിശേഷിപ്പിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. പാകിസ്ഥാനില്‍ സ്ഫോടനങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസിലെ രാജകുടുംബത്തിന് ഉറക്കം നഷ്ടപ്പെട്ടു. ഇന്നുവരെ, പാകിസ്ഥാനും കോണ്‍ഗ്രസിലെ രാജകുടുംബവും ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്ന് മുക്തരായിട്ടില്ല. ഭീകരരെ അവരുടെ മണ്ണില്‍ ചെന്ന് നേരിടുമെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുത്തിരുന്നു. രാജ്യത്തിന് അഭിമാനമായ ഓപ്പറേഷന്‍ സിന്ദൂര്‍ വഴി തങ്ങള്‍ ആ വാഗ്ദാനം നിറവേറ്റിയതായും നരേന്ദ്രമോദി പറഞ്ഞു.
കോണ്‍ഗ്രസ് ഒരിക്കലും ഒരു ആര്‍ജെഡി നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ആര്‍ജെഡി കോണ്‍ഗ്രസിന്റെ തലയില്‍ തോക്കുചൂണ്ടി മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുക്കുകയായിരുന്നു. ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ വലിയ തര്‍ക്കമുണ്ട്. പ്രകടനപത്രികയില്‍ കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. തെരഞ്ഞെടുപ്പിന് മുമ്പു തന്നെ അവര്‍ക്കിടയില്‍ ഇത്രയധികം പ്രശ്നങ്ങളുണ്ട്. തെരഞ്ഞെടുപ്പിനുശേഷം അവര്‍ പരസ്പരം ഏറ്റുമുട്ടും, അവരെ വിശ്വസിക്കാനാവില്ല.
വികസിത ബീഹാറിനായി എന്‍ഡിഎ സത്യസന്ധവും ദീര്‍ഘവീക്ഷണവുമുള്ള ഒരു സങ്കല്പ പത്രയാണ് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ പദ്ധതികളും നയങ്ങളും സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്‌ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്. എന്നാല്‍ കോണ്‍ഗ്രസ് – ആര്‍ജെഡി സഖ്യം അവതരിപ്പിച്ച പ്രകടനപത്രിക വഞ്ചനയുടെയും നുണകളുടെയും രേഖയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നവാഡയിലെയും ആരയിലെയും പ്രചാരണ റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പങ്കെടുത്തത്.
















