തിരുവനന്തപുരം: (3-11-2025) ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിനെയും ചോദ്യം ചെയ്തു. എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് എൻ വാസുവിനെ ചോദ്യം ചെയ്തത്. ശബരിമലയിലെ സ്വർണം പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കുന്നത് സംബന്ധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇമെയിൽ സംബന്ധിച്ചായിരുന്നു പ്രധാന അന്വേഷണം.
019 ഡിസംബർ ഒമ്പതിന് ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് അയച്ച ഇമെയിൽ അന്വേഷണത്തിന്റെ പ്രധാന ഭാഗമായാണ് വിലയിരുത്തുന്നത്. ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും ജോലികൾ പൂർത്തിയായ ശേഷം സ്വർണം ബാക്കിയുണ്ടെന്നും, സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹത്തിന് അത് ഉപയോഗിക്കാമോ എന്നായിരുന്നു ഇമെയിലിന്റെ ഉള്ളടക്കം.
ഇമെയിൽ പ്രിന്റ് എടുത്ത് ‘തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെയും അഭിപ്രായം വാങ്ങുക’ എന്ന് കുറിച്ച് മുന്നോട്ട് അയച്ചതായും, പിന്നീട് കാര്യത്തിന്റെ പുരോഗതി അന്വേഷിച്ചിട്ടില്ലെന്നും വാസു വ്യക്തമാക്കി. വാസുവിന്റെ മുൻ പിഎ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് വാസുവിനെയും ചോദ്യം ചെയ്തത്.
അതേസമയം, ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം കവർച്ച ചെയ്ത കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് ഔദ്യോഗികമായി രേഖപ്പെടുത്തും. റിമാൻഡിലുള്ള പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണം സംഘം റാന്നി കോടതിയെ സമീപിക്കും. മറ്റൊരു പ്രതിയായ മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് ലഭ്യമായ വിവരം.
















