അടച്ചുകെട്ടിയ മുറികളില്‍ സദാ ചടഞ്ഞുകൂടി കഴിയുന്നവര്‍ സൂക്ഷിക്കുക- അദൃശ്യനായ ഒരു ഭീകരന് നിങ്ങള്‍ക്കു ചുറ്റുമുണ്ട്. വികിരണം പ്രസരിപ്പിച്ച് ആളെ മാറാരോഗിയാക്കി മാറ്റുന്ന വില്ലന്‍. അവന്റെ പേര് ‘റാഡോണ്‍.’ ആവര്ത്തനപട്ടികയില് ഉത്കൃഷ്ട വാതകമെന്ന ഖ്യാതിയുള്ള മൂലകമാണ് റാഡോണ്‍. 1900 ല്‍ ഫ്രെഡറിക് ഏണസ്റ്റ് ഡോണ്‍ എന്ന ഗവേഷകനാണ് ഈ മൂലകത്തെ കണ്ടെത്തിയത്. റേഡിയത്തില്നിന്ന് കണ്ടെത്തിയതിനാല്‍ ‘റാഡോണ്‍’ എന്ന് പേരിട്ടു. ഭൂഗര്ഭത്തില്നിന്ന് സ്വയം ഉത്ഭവം കൊള്ളുന്നതാണ് റാഡോണ്‍ വികിരണം. കല്ലിലും കരിങ്കല്ലിലും പാറക്കൂട്ടത്തിലും ഒക്കെ ആ വികിരണം പുറപ്പെടും. അടച്ചുകെട്ടിയ മുറികളില്‍-പ്രത്യേകിച്ച് താഴത്തെ നിലകളില്‍- അനുവാദമില്ലാതെ കടന്നുകയറും. സാന്ദ്രത ഏറെ ആയതിനാല്‍ പുറത്തുപോകാതെ കെട്ടിനില്ക്കും. ശ്വാസകോശങ്ങളില്‍ കടന്ന് അര്‍ബുദത്തിന്റെ വിത്തെറിയും.
ലോകത്ത് ശ്വാസകോശ ക്യാന്‍സര്‍ ഉണ്ടാക്കുന്ന വില്ലന്മാരില് ഒന്നാംസ്ഥാനം പുകവലിക്കാണെങ്കില് രണ്ടാംസ്ഥാനക്കാരന് റാഡോണ്‍ ആണ്രെത. ലോകാരോഗ്യ സംഘടനയും അമേരിക്കയുടെ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയും അടിവരയിടുന്ന സത്യം. അമേരിക്കയില്‍ മാത്രം 20,000 ല്‍പരം മരണങ്ങള്‍ക്ക് ഈ വാതകം കാരണമാകുന്നുവത്രെ. അതുകൊണ്ടാവാം ഇക്കാര്യം ബോധവത്കരിക്കാന്‍ അന്നാട്ടില്‍ ദേശീയ റാഡോണ്‍ ബോധവത്കരണ മാസാചരണവും മറ്റും നടത്തുന്നത്.
റാഡോണ്‍ ഒളിച്ചുകളിയില്‍ കേമനാണ്. രോഗിയില്‍ തന്റെ യാതൊരു സാന്നിധ്യവും ശേഷിപ്പിക്കില്ല. ദീര്‍ഘകാലംകൊണ്ട് ശരീരം വലിച്ചെടുക്കുന്ന റാഡോണ്‍ രൂപമാറ്റം വന്ന് ലെഡ്-210 എന്ന റേഡിയോ ആക്ടീവ് മൂലകമായിമാറും. നഖത്തിലെയും തൊലിയിലെയുമൊക്കെ കോശകലകളില്നിന്നുതന്നെ ഒരു വ്യക്തിയുടെ റാഡോണ്‍ ബാധ വായിച്ചെടുക്കാനാവുമെന്ന് ‘എന്വയണ്മെന്റല് ഇന്റര്‍നാഷണല്‍’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഗവേഷകരായ ഗൊദാര്സിയും മൈക്കിള്‍ വൈസറും ആണയിടുന്നു. റാഡോണ്‍ വികിരണം സംശയിക്കുന്ന ഇടങ്ങളില്‍ ജീവിക്കുന്ന സന്നദ്ധസേവകരുടെ നഖപരിശോധനയുടെ അടിസ്ഥാനത്തിലാണ് ലേഖനം തയ്യാറാക്കിയത്.
അയോണ്‍ ക്രൊമാറ്റോഗ്രഫി, മാസ് സ്പെക്ടോഗ്രഫി തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചായിരുന്നു പരിശോധന. റാഡോണ്‍ സാന്നിധ്യം അനുഭവപ്പെടുന്നയിടങ്ങളിലെ വീടുകളില്‍ ദീര്‍ഘകാലം താമസിച്ചവരില്‍ മറ്റുള്ളവരില്‍ കാണുന്നതിന്റെ നാലിരട്ടി റാഡോണ്‍ സാന്നിധ്യമാണ് ഗവേഷകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ഏതാണ്ട് 397 ശതമാനം വരെ അധിക സാന്നിധ്യം. പക്ഷേ ഇതൊരു സാമ്പിള്‍ പഠനമാണത്രെ. കാനഡ കാന്‍സര്‍ സൊസൈറ്റിയുടെ സഹായത്തോടെ പതിനായിരം വോളന്റിയര്‍മാരെ അണിനിരത്തി ഒരു വമ്പന്‍ പഠനത്തിനുള്ള തയ്യാറെടുപ്പിലാണവര്. അങ്ങിനെ ലോകത്ത് ലഭ്യമായ ഏറ്റവും വലിയ റാഡോണ്‍ എക്സ്പോഷര്‍ ഡാറ്റ ഉണ്ടാക്കുക. പക്ഷേ അത് വരുംവരെ കാത്തിരിക്കേണ്ട. അടച്ചുപൂട്ടിയ മുറികളില്‍ അടയിരിക്കുന്നത് ഒഴിവാക്കാം. ജനാലകളും വാതിലുകളും മലര്‍ക്കെ തുറന്ന് വായുസഞ്ചാരം ഉറപ്പാക്കാം. നമ്മുടെ ആരോഗ്യവും.











