കാസര്‍ഗോഡ്: ബേവിഞ്ചയില്‍ ദേശീയപാത നിര്‍മ്മാണത്തിനിടെ കുടുംബത്തിന്റെ പ്രതിഷേധം. ദേശീയപാത നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ പ്രതിഷേധം.
മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മ്മാണം നടത്തുന്ന രണ്ടാം റീച്ചിലായിരുന്നു പ്രതിഷേധം. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബേവിഞ്ച സ്വദേശി ബഷീറും കുടുംബവും രംഗത്ത് എത്തിയത്.സ്ഥലം ഏറ്റെടുത്തിട്ടും മുഴുവന്‍ തുകയും ലഭിച്ചില്ല. വീട് പൂര്‍ണമായും ഏറ്റെടുത്ത് പണം നല്‍കണമെന്നും വീട് നില്‍ക്കുന്ന സ്ഥലത്ത് പണി തുടങ്ങാന്‍ അനുവദിക്കില്ലെന്നും കുടുംബം പറഞ്ഞു. ആത്മഹത്യ ഭീഷണിയുമായി വീടിന് മുകളില്‍ ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ വെച്ചാണ് പ്രതിഷേധിച്ചത്.
ബേവിഞ്ചയില്‍ റോഡിന് വീതി കൂട്ടാന്‍ ബഷീറിന്റെ വീടിന്റെ മുറ്റം ഉള്‍പ്പെടെ ഏറ്റെടുക്കേണ്ടി വരും. ഏറ്റെടുക്കുന്ന സ്ഥലത്തിന് പണം നല്‍കാമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചെങ്കിലും റോഡ് നിര്‍മ്മിച്ചാല്‍ വീട് താമസയോഗ്യമല്ലാതെ വരുമെന്നും മുഴുവന്‍ സ്ഥലവും ഏറ്റെടുക്കണം എന്നും ചൂണ്ടിക്കാട്ടി ബഷീര്‍ ഹൈക്കോടതിയെ സമീപിച്ചു. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കരാര്‍ കമ്പനി കോടതിയെ സമീപിക്കുകയും നിര്‍മ്മാണ അനുമതി വാങ്ങുകയും ചെയ്തു. ഇതോടെയാണ് കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയത്.
പൊലീസ് മധ്യസ്ഥതയില്‍ കരാര്‍ കമ്പനിയുമായി നടത്തിയ ചര്‍ച്ചയില്‍ വീടിന്റെ ചുറ്റുമതിലിനകത്തേക്ക് പണിയെടുക്കില്ലെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
















