മുംബൈ: ജപ്പാനിലെ ടൊയോട്ട കമ്പനിയുടെ പുതിയ ഹരിത നിര്‍മ്മാണ പ്ലാന്‍റ് ഒരുങ്ങുന്നത് മഹാരാഷ്‌ട്രയില്‍. ഏകദേശം 827 ഏക്കറില്‍ സ്ഥാപിക്കുന്ന ഈ പ്ലാന്‍റ് നിര്‍മ്മിക്കുന്നത് 21000 കോടി മുതല്‍ മുടക്കിലാണ്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ സാങ്കേതികവിദ്യകൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഈ പ്ലാന്‍റിനെ ഹരിത പ്ലാന്‍റ് എന്ന് വിളിക്കുന്നത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് 2024ല്‍ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സുമായി ഒപ്പുവെച്ച കരാര്‍ ആണ് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഈ പ്രദേശത്തെ സമ്പദ്ഘടനയ്‌ക്ക് കുതിപ്പുണ്ടാക്കുകയും ചെയ്യും. പൊതുവേ ഓട്ടോമൊബൈല്‍ വ്യവസായരംഗത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് ഫഡ് നാവിസ്. ടെസ് ല കാറിന്റെ പ്ലാന്‍റ് മഹാരാഷ്‌ട്രയില്‍ നിര്‍മ്മിക്കാന്‍ ഫഡ് നാവിസ് മുന്‍കയ്യെടുത്ത് വരുന്നുണ്ട്. മറ്റ് നിരവധി ഇലക്ടിക് കാറുകളുടെ നിര്‍മ്മാണപ്ലാന്‍റുകള്‍ കൊണ്ടുവരാനും ഫഡ് നാവിസ് ശ്രമിക്കുന്നു.
ഛത്രപതി സംഭാജി നഗർ പ്ലാന്‍റിൽ നിന്നാണ് ടൊയോട്ടയുടെ പുതിയ ബോക്സി ടൈപ് ലാന്‍ഡ് ക്രൂയിസര്‍ എഫ് ജെ നിര്‍മ്മിക്കാന്‍ പോകുന്നത്. 2028-ൽ ഈ പ്ലാന്‍റില്‍ നിന്നാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്ജെ ഇറങ്ങുക. 2028 ലെ ഉത്സവ സീസണിൽ ആയിരിക്കും മഹാരാഷ്‌ട്ര പ്ലാന്‍റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ലാൻഡ് ക്രൂയിസർ എഫ്ജെ ഇന്ത്യയിലെ വിപണികളില്‍ എത്തുക.
ഇപ്പോള്‍ ജപ്പാനില്‍ നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി 2025 ഷോയിലാണ് ഇന്ത്യയില്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എഫ് ജെ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഉണ്ടായത്. ഈ ഷോയില്‍ ജപ്പാനില്‍ നിര്‍മ്മിച്ച ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എഫ് ജെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ജപ്പാനില്‍ 2026 മധ്യത്തോടെ തന്നെ എഫ്ജെ ക്രൂയിസർ വിൽപ്പനയ്‌ക്കെത്തും.
പെട്രോൾ, ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ ഓഫ്-റോഡ് എസ്‌യുവിക്ക് ബോക്‌സി ഡിസൈനും ആധുനിക ഇന്‍റീരിയർ സവിശേഷതകളുമുണ്ട്. പക്ഷെ ഇതിന് ഡീസല്‍ എഞ്ചിന്‍ മോഡല്‍ ഉണ്ടായിരിക്കില്ല. മഹാരാഷ്‌ട്രയിലെ പ്ലാന്‍റില്‍ നിന്നും വര്‍ഷം തോറും 89,000 യൂണിറ്റുകളുടെ ഉൽപ്പാദനമാണ് ലക്ഷ്യം വെയ്‌ക്കുന്നത്. അതിൽ 40,000 യൂണിറ്റുകൾ കയറ്റുമതി വിപണികൾക്കായി നീക്കിവച്ചിരിക്കുന്നു.















