പാലക്കാട്: കേരളം അതിദരിദ്ര മുക്തമാണെന്നാണ് പിണറായി സര്‍ക്കാര്‍ പറയുന്നത്. അവര്‍ ഇന്ന് ഇത്തരമൊരു പ്രഖ്യാപനം നടത്തുകയാണ്. അപ്പോള്‍ ഉയരുന്ന ചോദ്യമാണ് കേരളത്തില്‍ അതിദരിദ്രരില്ലെങ്കില് ഈ കുടുംബവും ഇവരെപ്പോലുള്ള ആയിരക്കണക്കിനു കുടുംബങ്ങളും പിന്നെയാരാണ്.
വീടില്ല, രണ്ടു മക്കള്‍ ഭിന്നശേഷിക്കാര്‍, അന്നന്നത്തെ അന്നം കണ്ടെത്താനുള്ള ആരോഗ്യം തരണേയെന്ന പ്രാര്‍ത്ഥനയിലാണ് പാലക്കാട് കൊടുമ്പ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് തിരുവാലത്തൂര് 13-ാം വാര്‍ഡ് മുല്ലേരിയിലെ രാജനും കുടുംബവും. ദുരിതം നിറഞ്ഞ ജീവിതത്തില്‍ എന്നെങ്കിലും വെളിച്ചമെത്തുമെന്ന പ്രതീക്ഷ മാത്രം.
പ്ലാസ്റ്റിക് ഷീറ്റ്, ഓല, സാരി എന്നിവ കൊണ്ടു മറച്ച കുടിലിലാണ് രാജനും ഭാര്യ ദേവുവും മക്കളായ ശ്രീജ (29), പ്രമോദ് (28) എന്നിവരും കഴിയുന്നത്. മറ്റൊരു മകള്‍ വിവാഹിതയാണ്.
വീടിനായി അപേക്ഷ നല്കി, ഇതുവരെ പരിഗണിച്ചിട്ടില്ല. ഓഫീസുകള്‍ കയറിയിറങ്ങി മടുത്തെന്ന് രാജന് പറയുമ്പോള്‍ ദേവുവിന്റെ കണ്ണുകള്‍ നിറഞ്ഞു. കൂലിപ്പണിക്കാരനായ രാജന്റെ വരുമാനമാണ് ആകെയുള്ളത്. പണിയില്ലെങ്കില്‍ കുടുംബം പട്ടിണി. അപ്പോള്‍ അയല്‍വാസികള്‍ നല്കുന്ന ഭക്ഷണമാണ് ഏക ആശ്രയം.
രാജന്റെ കുടുംബവും സഹോദരങ്ങളുടെ കുടുംബവും ഉള്‍പ്പെടെ 10 പേര് അംഗങ്ങളായുള്ള ബിപിഎല്‍ റേഷന്‍ കാര്‍ഡാണ് ഇവര്‍ക്കുള്ളത്. തങ്ങളുടെ പേരില്‍ പുതിയ റേഷന്കാര്ഡെടുക്കാന് രാജന് ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നടന്നില്ല. ഇതുമൂലം റേഷനും മറ്റാനുകൂല്യങ്ങളും ഇവര്‍ക്കിന്നും അന്യം.
വൈദ്യുതി കണക്ഷനായി കെഎസ്ഇബിയെ സമീപിച്ചെങ്കിലും വീട്ടുനമ്പരില്ലാത്തതിനാല് അതും ലഭിച്ചില്ല. ഭിന്നശേഷിക്കാരായ മക്കളുമൊത്ത് ആധിയിലാണ് ഓരോ രാത്രിയും കഴിച്ചുകൂട്ടുന്നത്. ഇഴജന്തുക്കളും മറ്റും ഷെഡ്ഡിലേക്കു വരുന്നത് പതിവായതോടെ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടില്‍ നിന്ന് വൈദ്യുതി ലൈന്‍ വലിച്ചു ബള്‍ബിട്ടു. മക്കള്‍ക്കു പെന്‍ഷനുണ്ടെങ്കിലും മരുന്നിനു പോലും തികയില്ല.
മക്കളെ നോക്കേണ്ടതിനാല്‍ ദേവുവിനു പണിക്കുപോകാനും കഴിയാറില്ല. അടച്ചുറപ്പില്ലാത്ത വീടില്ലാത്തതിനാല്‍ തങ്ങളുടെ കാലശേഷം മക്കള്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ് ഇവര്‍.
കഴിഞ്ഞ ദിവസമാണ് പാലക്കാട് അതിദരിദ്ര മുക്ത ജില്ലയായി പ്രഖ്യാപിച്ചത്.
















