മിഷിഗണ്‍ : ഹമാസിനും പാലസ്തീന്‍ ഇസ്ലാമിക് ജിഹാദിനും സ്വാധീനമുള്ള യുഎസിലെ മിഷിഗണില്‍ തീവ്രവാദആക്രമണം നടത്താനുള്ള ശ്രമം പൊളിച്ച് അമേരിക്കയുടെ രഹസ്യപ്പൊലീസായ എഫ് ബിഐ ഐ(ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍). എഫ് ബിഐ ഡയറക്ടറായ ഇന്ത്യന്‍ വംശജനും ഗുജറാത്തി സ്വദേശിയുമായ കാഷ് പട്ടേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കയില്‍ നടക്കാന്‍ പോകുന്ന ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടയില്‍ അക്രമാസക്തമായ ഭീകരആക്രമണം അഴിച്ചുവിടാനായിരുന്നു ചില തീവ്രവാദസംഘടനകളുടെ ലക്ഷ്യം. നിരവധി പേരെ അറസ്റ്റ് ചെയ്തതായി കാഷ് പട്ടേല്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഏത് തീവ്രവാദഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വിദേശത്ത് വേരുകളുള്ള ചില ഭീകരസംഘടനകള്‍ പിന്നിലുണ്ട്. ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് കാഷ് പട്ടേല്‍ പറഞ്ഞു. ഹമാസും പാലസ്തീന്‍ ഇസ്ലാമിക് ജിഹാദും (പിഐജെ) ധാരാളമായി പണം സമാഹരിക്കുന്ന, ഭീകരരെ റിക്രൂട്ട് ചെയ്യുന്ന നഗരമാണ് അമേരിക്കയിലെ മിഷിഗണ്‍.
ഹാലോവീന്‍ ആഘോഷത്തിനിടയില്‍ മിഷിഗണിലെ സാധാരണജനങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ടെന്ന് ഡിയര്‍ബോണ്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ പൊലീസ് ഡിപാര്‍ട് മെന്‍റിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് എഫ് ബി ഐ പലരേയും പൊക്കിയത്. ഡിയര്‍ബോണ്‍ നഗരത്തിലെ ഫോഡ്സണ്‍ സ്കൂളിനടുത്ത് നിന്നും ഒരു പെട്ടി കണ്ടെത്തി അമേരിക്കന്‍ രഹസ്യപ്പൊലീസായ എഫ് ബിഐ അവരുടെ ട്രക്കില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടതായി ഡിയര്‍ബോണ്‍ പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മിഷിഗണ്‍ ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ മുന്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി മിഷിഗണില്‍ വെടിവെയ്‌പ് നടത്താനായിരുന്നു ഇയാളുടെ ഗൂഢപദ്ധതി.
















