കൊച്ചി: കേരളത്തിലേക്ക് ക്രിപ്റ്റോകറന്‍സിയുടെ രൂപത്തില്‍ കോടികളുടെ ഹവാല പണം ഒഴുകുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കൊച്ചി യൂണിറ്റ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 300 കോടിയുടെ ഹവാല ഇടപാട്. ഈ പണമത്രയും ക്രിപ്റ്റോ കറൻസിയുടെ മറവിലാണ് കേരളത്തിലേക്ക് കടത്തിയതെന്ന് പറയപ്പെടുന്നു.
ബാങ്ക് അക്കൗണ്ടുകള്‍ ഉടമകളറിയാതെ ഉപയോഗിക്കുന്നു;ക്രിപ്റ്റോകറന്‍സി വരുന്നത് ഇന്തോനേഷ്യ, സൗദി വഴി
ഇന്തോനേഷ്യ, സൗദി രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്രിപ്റ്റോ കറൻസികളായി സംസ്ഥാനത്തേക്ക് ഹവാല പണം എത്തിക്കുന്നത്. ഇത് പിന്നീട് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണമാക്കി മാറ്റുന്നു. നൂറുകണക്കിനാളുകളുടെ ബാങ്ക് അക്കൗണ്ടുകൾ അവരറിയാതെ ദുരുപയോഗം ചെയ്താണ് ഹവാല ഇടപാട് നടത്തിയത്.
തലപ്പത്ത് മലപ്പുറം സ്വദേശികള്‍
മലപ്പുറം സ്വദേശികളായ മുഹമ്മദാലി മാളിയേക്കൽ, റാഷിദ് എന്നിവരാണ് ഹവാല സംഘത്തെ നിയന്ത്രിക്കുന്നതെന്ന് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്.
കെവൈസി വിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറരുതെന്ന് ഇന്‍കം ടാക്സ്
സ്വന്തം ആവശ്യങ്ങൾക്കല്ലാതെ കെ വൈ സി വിവരങ്ങൾ പൊതു ജനങ്ങൾ മറ്റാർക്കും കൈമാറരുതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
















