തൃശൂര്‍ : അതിരപ്പിള്ളിയില്‍ കാട്ടാന കബാലിയെ പ്രകോപിപ്പിച്ച തമിഴ്‌നാട് സ്വദേശികള്‍ വനംവകുപ്പിന്റെ പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശികളായ ജ്ഞാനവേല്‍ വാസു, ശിവകുമാര്‍ എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ 19ന് രാത്രിയാണ് കേസിനാധാരമായ സംഭവം.അതിരപ്പിള്ളി മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയിലായില്‍ റോഡിലിറങ്ങി നിന്ന കാട്ടാനയുടെ അടുത്തേക്ക് കാര്‍ ഓടിച്ചു കയറ്റി പ്രകോപിപ്പിച്ചതിനാണ് കേസ്.
പ്രതികള്‍ തന്നെ വീഡിയോ മൊബൈലില്‍ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു.ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വനം വകുപ്പ് അന്വേഷണം ഊര്‍ജ്ജതമാക്കിയിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി മൊഴിയെടുത്തതിനുശേഷം വിട്ടയച്ചു. ഹോണ്‍ മുഴക്കിയും വാഹനം മുന്നോട്ട് എടുത്തുമാണ് കബാലിയെ തമിഴ്‌നാട്ടുകാര്‍ പ്രകോപിപ്പിച്ചത്.
കബാലി വാഹനം ആക്രമിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
















