തിരുവനന്തപുരം : കാലിക്കറ്റ് സര്‍വകലാശാല വി.സി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണറുടെ വിജ്ഞാപനം പുറത്തുവന്നു. സര്‍വകലാശാല സെനറ്റ്, ചാന്‍സലര്‍, യുജിസി എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സമിതി.
ബാംഗ്ലൂര്‍ ഐഐടിയിലെ പ്രൊഫസര്‍ ഇലുവാതിങ്കല്‍ ഡി ജമ്മീസ്, കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ എ സാബു, മുംബയ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ രവീന്ദ്ര ഡി കുല്‍കര്‍ണി എന്നിവര്‍ അടങ്ങുന്നതാണ് സമിതി.
ഇലുവാതിങ്കല്‍ ഡി ജമ്മീസ് ആണ് സെര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍.ചാന്‍സലറുടെ പ്രതിനിധിയായാണ് അദ്ദേഹം. വി.സി പദവിയില്‍ യോഗ്യരായ മൂന്നു മുതല്‍ അഞ്ചു പേരുടെ പട്ടിക മൂന്നു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. നിലവിലെ വി.സി പ്രൊഫ. പി രവീന്ദ്രന് താത്കാലിക ചുമതലയാണ്. ഇടത് അംഗങ്ങള്‍ക്ക് ഭൂരിപക്ഷം ഉള്ള സെനറ്റ്, സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുളള സര്‍വകലാശാല പ്രതിനിധിയെ നല്‍കാത്തതാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരണം വൈകാന്‍ കാരണം.
സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലും ഇപ്പോള്‍ സ്ഥിരം വിസിയില്ലാത്ത സാഹചര്യമാണ്.
















