ബംഗളൂരു: ഫുട്ബോളിൽ തുടങ്ങി ഹോക്കി ഗോൾ കീപ്പിങിലെ കടുവയായി മാറിയ മാനുവല്‍ ഫ്രെഡറികിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് ഇന്ത്യൻ ഹോക്കിയുടെ ഒരു കാലഘട്ടം. 1972 മ്യൂണിക് സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ, തുടർന്ന് വന്ന ലോകകപ്പിൽ വെള്ളി, ആദ്യമായി ഒളിമ്പിക് മെഡൽ മലയാള മണ്ണിലെത്തിച്ച താരം. ഇങ്ങനെ പോകുന്നു മാനുവൽ ഫ്രെഡറിക്സിന്റെ നേട്ടങ്ങളുടെ കരിയർ.
മ്യൂണിക് ഉൾപ്പടെ മൂന്ന് ഒളിമ്പിക്സുകളിൽ രാജ്യത്തിനായി മാനുവൽ പോരാടി. മ്യൂണിക്കിൽ ആറ് കളികളിൽ ആകെ വഴങ്ങിയത് എട്ട് ഗോളുകൾ മാത്രം. എന്നാൽ ഏഴു വര്‍ഷത്തോളം രാജ്യത്തിനായി വിയർപ്പൊഴുക്കിയ മാനുവലിനോട് കടുത്ത അനീതിയാണ് മാറി മാറി വന്ന സർക്കാരുകൾ കാണിച്ചത്. ഒളിമ്പിക് മെഡൽ നേടിയ ടീമിലെ മറ്റ് താരങ്ങൾക്ക് അർജുന അവാർഡ് കിട്ടിയപ്പോൾ ഗോൾ വല കാത്ത മാനുവൽ മാത്രം പുറത്തായി. 2019 വരെ കാത്തിരിക്കേണ്ടി വന്നു ധ്യാൻ ചന്ദ് പുരസ്കാരം ലഭിക്കാൻ. സ്വന്തമായി വീടെന്ന് സ്വപ്നം സാക്ഷാത്ക്കരിക്കാനും അദ്ദേഹത്തിന് ഏറെ മുറവിളി കൂട്ടേണ്ടി വന്നു.
പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടുക്കുന്നതിലുള്ള മികവാണ് മാനുവലിന് ദ് ടൈഗര്‍ എന്ന പേരിന് അർഹനാക്കിയത്. വർഷങ്ങളായി ബംഗളുരുവിലാണ് മാനുവൽ താമസം. മകൾക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് അർബുദ ബാധിതനായി ചികിത്സയിലിരിക്കേ അന്ത്യം. വെള്ളിയാഴ്ച രാവിലെ 8.10നായിരുന്നു അന്ത്യം. ഞായറാഴ്ച വൈകിട്ട് ബംഗളുരു ഹൊസൂർ റോഡ് ക്രിസ്റ്റ്യൻ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ഭാര്യ: പരേതയായ ശീതള. മക്കള്‍: ഫ്രെഷീന പ്രവീണ്‍ (ബംഗളൂരു), ഫെനില (മുംബൈ). മരുമക്കള്‍: പ്രവീണ്‍ (ബംഗളൂരു), ടിനു തോമസ് (മുംബൈ).













