കൊച്ചി: കൊച്ചിയിലെ ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി (ഐഎസ്ആര്‍എഫ്)യിലുള്ള രാജ്യത്തെ ആദ്യത്തെ കപ്പല്‍ അറ്റകുറ്റപ്പണി ക്ലസ്റ്റര്‍ വിലയിരുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി കരാറില്‍ ഒപ്പുവച്ച് ഡിപി വേള്‍ഡ് കമ്പനിയായ ഡ്രൈഡോക്‌സ് വേള്‍ഡും കൊച്ചിന്‍ കപ്പല്‍ശാലയും. മുംബൈയില്‍ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025ല്‍ വെച്ച് ഡ്രൈഡോക്സ് വേള്‍ഡിന്റെ സിഇഒ ക്യാപ്റ്റന്‍ റാഡോ അനോട്ടോലോവിച്ച്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായരും തമ്മില്‍ ധാരണാപത്രം കൈമാറി.
അന്താരാഷ്‌ട്ര ഷിപ്പിങ് റൂട്ടുകളില്‍ സ്ഥിതിചെയ്യുന്ന ഐഎസ്ആര്‍എഫില്‍, അത്യാധുനിക ഷിപ്പ്‌ലിഫ്റ്റ് സംവിധാനവും വിവിധതരം കപ്പലുകള്‍ക്ക് സേവനം നല്‍കാന്‍ ശേഷിയുള്ള ആധുനിക ഡോക്കിങ് സൗകര്യങ്ങളുമുണ്ട്. സിഎസ്എല്ലും ഡ്രൈഡോക്‌സ് വേള്‍ഡും ഒരുമിച്ച് കപ്പല്‍ അറ്റകുറ്റപ്പണി ക്ലസ്റ്റര്‍ മേഖലയിലെ സഹകരണത്തിന്റെ സാധ്യതകള്‍ വിലയിരുത്തും. സമുദ്രവ്യാപാര മേഖലയിലെ ആഗോള സേവനങ്ങളില്‍ ഉയര്‍ന്നുവരുന്ന കേന്ദ്രമെന്ന നിലയില്‍ ഭാരതത്തിന്റെ ഭാവി വളര്‍ച്ച സുഗമമാക്കുകയും ചെയ്യുന്നതാണ് ഈ സഹകരണം.
















