തിരുവനന്തപുരം: ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഡിസംബര്‍ 4ന്. പൊങ്കാലയുടെ പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ നവംബര്‍ 23ന് നടക്കും.
പുലര്‍ച്ചെ 4ന് നിര്‍മാല്യ ദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9ന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയും നടക്കും. മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പൊങ്കാല മഹോത്സവം ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഭദ്രദീപ പ്രകാശനം നടത്തും. തുടര്‍ന്ന് ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും. ഇതേറ്റുവാങ്ങി മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര അടുപ്പില്‍ അഗ്നി ജ്വലിപ്പിക്കുന്നതോടെ പൊങ്കാല ആരംഭിക്കും. 11 മണിക്ക് പൊങ്കാല നിവേദിക്കും.













