തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം 176 കോടി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതായി നബാര്‍ഡ് കണ്ടെത്തിയ കേരള ബാങ്ക് അയ്യപ്പ സംഗമത്തിന് വാഗ്ദാനം നല്‍കിയത് ഒരു കോടി രൂപ. എഴുപത് ലക്ഷം രൂപ നല്‍കി. ഇനി മുപ്പത് ലക്ഷം നല്‍കാനുമുണ്ട്. അയ്യപ്പസംഗമത്തിന് കേരള ബാങ്കിന്റെ പരസ്യം പ്രദര്‍ശിപ്പിച്ച വകയില്‍ ഒരു കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം കമ്മിഷണര്‍ ബാങ്കിന് അയച്ച കത്ത് പുറത്തുവന്നു.
ധനലക്ഷ്മി ബാങ്കും നല്‍കി രണ്ട് കോടി. അയ്യപ്പസംഗമത്തിന് ദേവസ്വം ബോര്‍ഡില്‍ നിന്നും പണം ചെലവഴിക്കരുതെന്ന് ഹൈക്കോടതി കര്‍ശനമായ നിര്‍ദേശം നല്‍കി. മൂന്ന് കോടി ചെലവഴിച്ചതിനെ ദേവസ്വം ബോര്‍ഡ് കമ്മിഷണറെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
പണം തിരികെ ദേവസ്വം ബോര്‍ഡ് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശവും കോടതി നല്‍കി. ഇതിലേയ്‌ക്കായാണ് രണ്ട് ബാങ്കുകളോട് പരസ്യ ഇനത്തില്‍ പണം നല്‍കാന്‍ ആവശ്യപ്പെട്ടത്. ധനലക്ഷ്മി ബാങ്ക് രണ്ട് കോടിയും കേരള ബാങ്കില്‍ നിന്ന് എഴുപത് ലക്ഷവും ലഭിച്ചതോടെ രണ്ട് കോടി എഴുപത് ലക്ഷം രൂപ മുന്‍കൂറായി അക്കൗണ്ടില്‍ നിന്നും എടുത്തത് തിരികെ നിക്ഷേപിക്കാനായി. കേരള ബാങ്ക് ബാക്കി നല്‍കാനുള്ള 30 ലക്ഷത്തിന് സമ്മര്‍ദ്ദം നടത്തിവരുന്നുണ്ട്.
കോടിക്കണക്കിന് രൂപ ഓഹരി എടുത്ത പ്രാഥമിക സഹകരണ ബാങ്കുകള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ അഞ്ച് വര്‍ഷമായിട്ട് ഒരു രൂപ പോലും ലാഭവിഹിതം കൊടുക്കാന്‍ കേരള ബാങ്കിന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഒരുകോടി രൂപ അയ്യപ്പസംഗമത്തിന് നല്‍കുന്നത്.
സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചപ്പോള്‍ ഉണ്ടായിരുന്ന സഞ്ചിത നഷ്ടം അഞ്ചു സാമ്പത്തിക വര്‍ഷം പിന്നിട്ടിട്ടും നികത്തിയിട്ടുമില്ല. ബാങ്ക് തുടര്‍ച്ചയായി ലാഭത്തിലല്ലാത്തതാണ് സഞ്ചിത നഷ്ടം തുടരാന്‍ കാരണം. 400 കോടിയിലേറെ രൂപയുടെ സഞ്ചിത നഷ്ടം നികത്തിയതിന് ശേഷം തനത് ലാഭം ഉണ്ടായാല്‍ മാത്രമേ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ലാഭവിഹിതം കൊടുക്കാന്‍ സാധിക്കൂ.
ഇത്രയും പരിതാപകരമായ അവസ്ഥയിലാണ് അയ്യപ്പസംഗമത്തിന് പരസ്യ ഇനത്തില്‍ ഒരു കോടി രൂപ നല്‍കാന്‍ തീരുമാനിച്ചത്. കരുവന്നൂര്‍ ബാങ്ക് തകര്‍ന്നപ്പോള്‍ മറ്റ് പ്രാഥമിക സഹകരണസംഘങ്ങള്‍ക്കെന്നല്ല എല്ലാ സഹകരണ സംഘങ്ങളെയും കാര്യമായി ബാധിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ ലീഡ് ബാങ്കായ കേരള ബാങ്ക് വ്യക്തമാക്കിയത് പ്രാഥമിക സഹകരണ സംഘങ്ങളുടെ തകര്‍ച്ച പരിഹരിക്കാന്‍ കര്‍മപദ്ധതി തയാറാക്കുമെന്നായിരുന്നു. എന്നാല്‍ പൈസ നല്‍കാന്‍ കേരള ബാങ്ക് തയാറായില്ല.
എന്നാല്‍ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കോടിക്കണക്കിന് രൂപ കേരള ബാങ്കില്‍ നിക്ഷേപമായി കിടക്കുന്നുമുണ്ട്. ആര്‍ബിഐയുടെ കീഴിലുള്ള കേരള ബാങ്കിന്റെ നിരീക്ഷണവും മേല്‍നോട്ടവും കേന്ദ്ര ഏജന്‍സിയായ നബാര്‍ഡിനാണ്. പരസ്യത്തിന് തുക വാങ്ങിയെങ്കിലും രണ്ട് ബാങ്കുകളുടെയും പേരില്‍ പരസ്യങ്ങള്‍ ഒരിടത്തും പ്രദര്‍ശിപ്പിച്ചാതായി കണ്ടതുമില്ല.
















