ന്യൂദൽഹി: ജനുവരി മുതൽ മാനദണ്ഡങ്ങൾ പാലിക്കാത്തവരും നിയമവിരുദ്ധമായി യുഎസിൽ താമസിച്ചിരുന്നവരുമായ 2,790 ഇന്ത്യൻ പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. തന്റെ പ്രതിവാര മാധ്യമസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കൂടാതെ ഈ വർഷം ഇതുവരെ യുകെയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ എണ്ണത്തെക്കുറിച്ചും അദ്ദേഹം മറുപടി നൽകി. യുകെയിൽ നിന്ന് ഈ വർഷം രേഖകളില്ലാതെ താമസിച്ച ഏകദേശം 100 ഇന്ത്യൻ പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചെത്തിയെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
അതേ സമയം അനധികൃതമായി യുഎസിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇത് എത്തിയതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
2024 ഒക്ടോബറിനും 2025 സെപ്റ്റംബറിനും ഇടയിൽ, അനുമതിയില്ലാതെ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 34,146 ഇന്ത്യക്കാരെ യുഎസ് അധികൃതർ കസ്റ്റഡിയിലെടുത്തു. ഇത് മുൻ സാമ്പത്തിക വർഷത്തെ 90,415 പേരെ കസ്റ്റഡിയിലെടുത്തതിൽ നിന്ന് 62 ശതമാനം കുറവാണ്.
















