തിരുവനന്തപുരം: ആശാ വർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയിരുന്ന രാപകൽ സമരം തീരുന്നു. സമരം ഇനി ജില്ലാതലത്തിൽ തുടരും. കുറഞ്ഞ പ്രതിഫലം 21,000 രൂപയാക്കണമെന്ന ആവശ്യം നേടുന്നതുവരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ പ്രഖ്യാപനം.
ആശാ വർക്കർമാർ ദയനീയ നിലയിൽ 266 ദിനരാത്രങ്ങൾ സംസ്ഥാന ഭരണസിരാ കേന്ദ്രത്തിനു മുന്നിൽ സമരം നടത്താനിടയാക്കിയത് സംസ്ഥാന സർക്കാരിന്റെ പിടിവാശിയായിരുന്നു. സർക്കാരിന്റേതല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ. മുഖ്യമന്ത്രിയെ ഈ വിഷയത്തിൽ തമ്മിൽ കണ്ട് സംസാരിക്കാൻ ശ്രമിച്ച് ആശാ വർക്കർമാരെ പോലീസിനെക്കൊണ്ട് തല്ലിയോടിക്കുകയായിരുന്നു ആഭ്യന്തരമന്ത്രികൂടിയായ പിണറായി വിജയൻ. ആവർത്തിച്ചാവർത്തിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞത് ആശാ വർക്കർമാരുടെ ഓണറേറിയം നിശ്ചയിക്കേണ്ടതും നൽകേണ്ടതും കേന്ദ്ര സർക്കാരാണ് എന്നായിരുന്നു. എന്നാൽ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടുനേടാൻ ലക്ഷ്യമിട്ട് സമ്പൂർണ്ണ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന വ്യാജപ്രഖ്യാപനം നടത്താനുള്ള തിരക്കിൽ ആശാ വർക്കർമാർക്ക് 1000 രൂപ ഓണറേറിയം പ്രഖ്യാപിച്ചു. കേന്ദ്രമാണ് പണം നൽകേണ്ടതെന്ന വാദം നുണയാണെന്ന് ഈ പ്രഖ്യാപനത്തിലൂടെ സർക്കാരും മുഖ്യമന്ത്രിയും സമ്മതിക്കുകയായിരുന്നു. അപ്പോൾ എന്തിനാണ് ഇത്രയും നാളുകൾ ഈ പാവം സ്ത്രീകളെ ‘മഴയത്തുനിർത്തിയ’തെന്ന ചോദ്യം ഉയരുകയാണ്. സമരത്തിന്റെ വലിയ നേട്ടങ്ങളിൽ പ്രധാനം സംസ്ഥാന സർക്കാരിനാണ് ആശാ പ്രവർത്തകരുടെ കാര്യങ്ങൾ നിശ്ചയിക്കേണ്ടതെന്ന് തെളിഞ്ഞതാണെന്ന് സമര സമിതി നേതാവ് എം.എ. ബിന്ദു പ്രസ്താവിച്ചത് ശ്രദ്ധേയമാണ്.
എന്നാൽ, ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ കൈക്കൊണ്ട നിലപാടുകളെ സമരക്കാർ പ്രശംസിക്കുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി സമരപ്പന്തലിൽ പലവട്ടംവന്ന് സംസാരിച്ചു. ഇതിന്റെ ഫലമായി ലോക്‌സഭയിലും രാജ്യസഭയിലും ദീർഘനേരം ചർച്ച നടത്തി. ഇതേ തുടർന്ന് 1500 രൂപയുടെ സഹായം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മാത്രമല്ല, വിരമിക്കുമ്പോൾ ഓരോ ആശാ വർക്കർമാർക്കും 50,000 രൂപയുടെ ആനുകൂല്യം നൽകുമെന്ന് പ്രഖ്യാപിച്ചുവെന്ന് സമരക്കാർ ഓർമ്മിച്ചു. രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടി സംസ്ഥാത്തെ പിണറായി വിജയൻ സർക്കർ നടത്തുന്ന നുണ പ്രചാരണങ്ങളിൽ ഒന്നുകൂടി തുറന്നുകാട്ടപ്പെടുകയാണ് ആശാ സമരത്തിന്റെ പരിസമാപ്തിയിലൂടെ.












