കോഴിക്കോട്: കമൽഹാസൻ–മണിരത്നം കൂട്ടുകെട്ടിന്റെ എക്കാലത്തെയും ക്ലാസിക് സിനിമയായ ‘നായകന്‍’ വീണ്ടും തിയേറ്ററുകളിലേക്ക്. 38 വർഷങ്ങൾക്ക് ശേഷം ചിത്രം നവംബർ 6ന് ലോകമെമ്പാടും റീമാസ്റ്റർ പതിപ്പായി വീണ്ടും പ്രദർശനത്തിനെത്തും. 4K ഗുണനിലവാരത്തിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കേരളത്തിലെ വിതരണച്ചുമതല രഞ്ജിത്ത് മോഹൻ ഫിലിംസാണ് ഏറ്റെടുത്തിരിക്കുന്നത്.
1987ൽ പുറത്തിറങ്ങിയ നായകൻ മുംബൈയിലെ അധോലോക നായകൻ വേലുനായ്‌ക്കറുടെ ജീവിതകഥയെ ആസ്പദമാക്കിയതാണ്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്തശേഷം മുംബൈയിലെത്തി അധോലോകത്തിന്റെ നായകനാകുന്ന വേലുനായ്‌ക്കറായി കമൽഹാസൻ അതിശയകരമായ പ്രകടനം കാഴ്ചവെച്ചു. അതിലൂടെ കമൽഹാസന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചു. ഛായാഗ്രാഹകനായ പി.സി. ശ്രീരാമിനും കലാസംവിധായകൻ തോട്ട ധരണിക്കും ദേശീയ അവാർഡ് ലഭിച്ചു.
മണിരത്നം–ബാലകുമാരൻ ടീമാണ് തിരക്കഥ ഒരുക്കിയത്. സാമ്പത്തികമായും നിരൂപക പ്രശംസയിലൂടെയും ഇരട്ടവിജയം നേടിയ ഈ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശരണ്യ, കാർത്തിക, നാസർ, ഡൽഹി ഗണേശ് എന്നിവർ കമൽഹാസനൊപ്പം പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.
സുജാത ഫിലിംസും മുക്ത ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മുക്ത വി. രാമസ്വാമി, മുക്ത ശ്രീനിവാസൻ, ജി. വെങ്കിടേശ്വരൻ എന്നിവർ നിർമ്മാതാക്കളായിരുന്നു. ഇളയരാജയുടെ സംഗീതം, ബി. ലെനിൻ–വി.ടി. വിജയൻ ദ്വയം ചെയ്ത എഡിറ്റിംഗ്, ബാലകുമാരന്റെ ഡയലോഗുകൾ, പി.സി. ശ്രീരാമിന്റെ ക്യാമറ മികവ് എന്നിവയെല്ലാം ചേർന്നാണ് നായകൻ ഒരു ക്ലാസിക്കായി മാറിയത്.
മണിരത്നം വിവിധ അണിയറവിഭാഗങ്ങളുടെ മികവുകൾ സമന്വയിപ്പിച്ച് ഒരൊറ്റ ചിന്താശീലമായ സിനിമയാക്കി തീർത്തു. ഇളയരാജയുടെ സംഗീതം ആ അനുഭവത്തെ പൂർണതയിലേക്കെത്തിച്ചു.
















