കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി വില്പനയ്‌ക്ക് ഉപയോഗിച്ചതിനും ലൈംഗികമായി ഉപദ്രവിച്ചതിനും എക്‌സൈസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത ആര്‍പ്പൂക്കര കല്ലേപറമ്പില്‍ ജിതിന്‍കുമാറിനെ (21) കോടതി റിമാന്‍ഡു ചെയ്തു. ഈ കേസില്‍ ഇയാളെ എക്‌സൈസ് പിടികൂടിയെങ്കിലും കണ്ടെടുത്ത കഞ്ചാവ് കുറഞ്ഞ അളവിലായിരുന്നതിനാല്‍ ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയാണ് ചെയ്തത്.
പെണ്‍കുട്ടിയെ ഇയാള്‍ ഒട്ടേറെത്തവണ പീഡിപ്പിച്ചിരുന്നുവെന്ന് എക്‌സൈസ് പൊലീസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് പോക്‌സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തത്.
13കാരിയെ സ്‌കൂള്‍ യൂണിഫോമില്‍ ബൈക്കിനു പിന്നിലിരുത്തി കഞ്ചാവും രാസലഹരിയും കടത്തിയെന്നാണ് എക്‌സൈസ് കണ്ടെത്തിയത്. പ്രതിയില്‍നിന്ന് 15 ഗ്രാം കഞ്ചാവുമാത്രമാണ് ആ സമയം പിടികൂടിയത്. ഇക്കാരണത്താല്‍ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന സഹോദരിയെയും ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.















