തൊടുപുഴ: ഇടുക്കി ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ഹമീദിന് വധശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം. തൊടുപുഴ അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഹമീദ് കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
ചീനിക്കുഴി ആലിയാക്കുന്നിൽ ഫൈസൽ മുഹമ്മദ്(45), ഭാര്യ ഷീബ, മക്കളായ മെഹർ(16), അസ്ന(14) എന്നിവരാണ് കൊല്ലപ്പെട്ടത്. 2022 മാർച്ച് 19നായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങൾ നടന്നത്. ഫൈസൽ മുഹമ്മദും കുടുംബവും കിടന്നുറങ്ങിയ മുറി ഹമീദ് പു റത്ത് നിന്നും പൂട്ടിയ ശേഷം പെട്രോൾ നിറച്ച കുപ്പികൾ ഉള്ളിലേക്ക് എറിയുകയും തീ കൊളുത്തുകയുമായിരുന്നു.
സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് ഹമീദ് മകനെയും കുടുംബത്തെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയത്. നേരത്തേ ഫൈസലിന് ഇഷ്ടദാനം നല്‍കിയ ഭൂമിയും വീടും തിരികെ വേണമെന്നായിരുന്നു ഹമീദിന്റെ ആവശ്യം. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് അതിദാരുണമായ കൂട്ടക്കൊലയില്‍ കലാശിച്ചത്. ഫൈസലും കുടുംബവും ഉറങ്ങുന്നതിനിടെയാണ് ഹമീദ് വീടിന് തീയിട്ടത്.
വെള്ളം ഉപയോഗിച്ച് തീയണയ്‌ക്കാതിരിക്കാന്‍ വാട്ടര്‍ടാങ്കിലെ വെള്ളം ഒഴുക്കിവിടുകയും പൈപ്പ് കണക്ഷന്‍ വിച്ഛേദിക്കുകയുംചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതി വീടിന് തീകൊളുത്തിയത്. തീ ആളിക്കത്താനായി പെട്രോള്‍ നിറച്ച ഒട്ടേറെ കുപ്പികളാണ് പ്രതി വീട്ടിനുള്ളിലേക്ക് വലിച്ചെറിഞ്ഞത്. വീടിന് തീപ്പിടിച്ചത് കണ്ട് ഫൈസലും കുടുംബവും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിന് പിന്നാലെ ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
















