ബെംഗളൂരു: കാറിന്റെ മിററിൽ ബൈക്ക് തട്ടിയതിനെ തുടർന്ന് യുവാവിനെ കാറിടിച്ചു വീഴ്‌ത്തി കൊലപ്പെടുത്തി. ഒക്ടോബർ 25 ന് രാത്രി നഗരത്തിലെ പുട്ടേനഹള്ളി പ്രദേശത്താണ് സംഭവം. ദർശൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതികളായ മനോജ് കുമാർ, ഭാര്യ ആരതി ശർമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ദർശൻ തന്റെ സുഹൃത്ത് വരുണിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് മനോജ് കുമാർ, ഭാര്യ ആരതി ശർമ്മ എന്നിവർ സഞ്ചരിച്ച കാ റിന്റെ മിററിൽ തട്ടിയത്. തുടർന്ന് ദമ്പതികൾ രണ്ടു കിലോമീറ്ററോളം യുവാക്കളുടെ ബൈക്ക് പിന്തുടരുകയും ഇടിച്ചു വീഴ്‌ത്തുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദർശനും വരുണും റോഡിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ദർശൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സിസിടിവി പതിഞ്ഞ ദൃശ്യങ്ങളിൽ കോപാകുലരായ ദമ്പതികൾ മോട്ടോർ സൈക്കിളിൽ പിന്തുരുകയും ഇരുവരെയും ഇടിച്ചു വീഴ്‌ത്തിയതായി കണ്ടെത്തി. അപകടത്തെത്തുടർന്ന്, ദമ്പതികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് മുഖംമൂടി ധരിച്ച് തിരിച്ചെത്തി, തകർന്ന കാറുമായി കടന്നു കളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ദമ്പതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
















