തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട ഇന്നലെ രാത്രി നടന്നു. ഇന്ന് വൈകീട്ട് ശംഖുംമുഖം കടല്‍ത്തീരത്തെ ആറാട്ടുകടവില്‍ നടക്കുന്ന ആറാട്ടോടു കൂടി അല്പശി ഉത്സവത്തിന് ഉത്സവത്തിന് കൊടിയിറങ്ങും. വെള്ളിയാഴ്ച രാവിലെ ആറാട്ട് കലശവും നടക്കും.
ഇന്നലെ രാത്രി 8 ന് പടിഞ്ഞാറെനട വഴിയായിരുന്നു വേട്ടയ്‌ക്കായി ശ്രീപദ്മനാഭന്റെ എഴുന്നള്ളത്ത് നടന്നത്. ശ്രീപദ്മനാഭസ്വാമിയെ സ്വര്‍ണ ഗരുഡവാഹനത്തിലും വടക്കേടം നരസിംഹസ്വാമിയെയും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിവാഹനങ്ങളിലുമായിരുന്നു എഴുന്നള്ളിച്ചത്. വാദ്യമേളങ്ങളില്ലാതെ നിശബ്ദതയിലാണ് വേട്ടപ്പുറപ്പാട് നടന്നത്.
ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ ഉടവാളേന്തി അകമ്പടി സേവിച്ചു. വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിനു സമീപം സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലാണ് പള്ളിവേട്ട ചടങ്ങ് നടന്നത്. രാജകുടുംബാംഗങ്ങളായ പൂയം തിരുനാള്‍ ഗൗരിപാര്‍വതീഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തുടങ്ങിയവര്‍ ദേവനെ വണങ്ങി. ഭരണസമിതി അംഗങ്ങളായ ആദിത്യവര്‍മ, കരമന ജയന്‍, എ. വേലപ്പന്‍നായര്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.മഹേഷ്, മാനേജര്‍ എന്‍.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വേട്ടക്കളത്തില്‍ പ്രതീകാത്മകമായി കരിക്കില്‍ അമ്പെയ്താണ് ക്ഷേത്രം സ്ഥാനി വേട്ട നിര്‍വഹിച്ചത്. വേട്ടകഴിഞ്ഞ ഉടന്‍ ശംഖനാദം മുഴങ്ങി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വടക്കേനട വഴി വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ശ്രീപദ്മനാഭസ്വാമിയെ ഒറ്റക്കല്‍ മണ്ഡപത്തില്‍ പള്ളിക്കുറുപ്പിനിരുത്തി. വ്യാഴാഴ്ച രാവിലെ പശുവും കിടാവും എത്തിച്ച് പള്ളിക്കുറുപ്പ് ദര്‍ശനം നടത്തിയ ശേഷം അഭിഷേകവും മറ്റ് പൂജകളും നടത്തും.
ഇന്ന് വൈകീട്ട് ശംഖുമുഖം കടലിലെ കടവില്‍ ആറാട്ട് നടക്കും. സ്വര്‍ണ ഗരുഡ വാഹനത്തിലാണ് ആറാട്ടിന് ശ്രീപദ്മനാഭസ്വാമിയെ എഴുന്നള്ളിക്കുന്നത്. നരസിംഹമൂര്‍ത്തി, തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളും നഗരത്തിലെ മറ്റ് നാല് ക്ഷേത്രങ്ങളില്‍ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങളും ചേര്‍ന്ന് കൂടിയാറാട്ടാണ് ശംഖുമുഖത്ത് നടക്കുന്നത്. 31 ന് ആറാട്ട് കലശം. തിരുവോണദിവസമായ 31 ന് പൊന്നും ശീവേലിയും നടക്കും.
















