ഗുവഹാത്തി: ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍. ഒന്നാം സെമിയില്‍ ഇംഗ്ലണ്ടിനെ 125 റണ്‍സിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ കടന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ട് 42.3 ഓവറില്‍ 194 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ വ്യാഴാഴ്ച ത്തെ ഇന്ത്യ-ഓസ്‌ട്രേലിയ സെമിഫൈനലിലെ വിജയികളെ ഫൈനലില്‍ ദക്ഷിണാഫ്രിക്ക നേരിടും.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യ മൂന്ന് ബാറ്റര്‍മാര്‍ ഡക്കായി. ക്യാപ്റ്റന്‍ നാറ്റ് സ്‌കൈവര്‍ ബ്രണ്ടും ആലീസ് കാപ്‌സിയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.
നാറ്റ് സ്‌കൈവര്‍ 76 പന്തില്‍ 64 റണ്‍സും കാപ്‌സി 71 പന്തില്‍ 50 റണ്‍സും നേടി. ഇവരുടെ കൂട്ടുകെട്ട് 107 റണ്‍സ് നേടി. ഡാനിയേല്‍ വ്യാറ്റ് ഹോഡ്ജ് 34 റണ്‍സും ലിന്‍സ് സ്മിത്ത് 27 റണ്‍സും നേടി. മറ്റാര്‍ക്കും രണ്ടക്കം പോലും കാണാന്‍ ആയില്ല
ദക്ഷിണാഫ്രിക്കയ്‌ക്കായി മാരിസാന്‍ കാപ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ നദീന്‍ ഡി ക്ലെര്‍ക്ക് രണ്ട് വിക്കറ്റ് നേടി.
ടോസ് നേടിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു.ഓപ്പണറായി കളത്തിലിറങ്ങിയ ലോറ തകര്‍പ്പന്‍ സെഞ്ച്വറി നേടി. 143 പന്തുകള്‍ നേരിട്ട ലോറ നാല് സിക്‌സും 20 ഫോറും ഉള്‍പ്പെടെ 169 റണ്‍സെടുത്താണ് മടങ്ങിയത്.
ഓപ്പണറായ തസ്മിന്‍ ബ്രിട്ട്‌സ് 65 പന്തില്‍ 45 റണ്‍സെടുത്താണ് കളംവിട്ടത്. ഇരുവരും ചേര്‍ന്ന് 116 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. മരിസാന്‍ കാപ് 42 റണ്‍സും ക്ലോ ട്രയോണ്‍ പുറത്താകാതെ 33 റണ്‍സുമെടുത്തു.
ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് വീഴ്‌ത്തി. ലോറന്‍ ബെല്‍ രണ്ട് വിക്കറ്റും നേടി.
















