പാലക്കാട്: മീനാക്ഷിപുരം സ്പിരിറ്റ് കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റിലായി. പെരുമാട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹരിദാസ് മീനാക്ഷിപുരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും ഒളിവില്‍ പോയി. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് കീഴടങ്ങിയത്.സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ സന്തത സഹചാരിയാണ് മുഖ്യപ്രതി ഹരിദാസെന്ന് നേരത്തേ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ആരോപിച്ചിരുന്നു.ജില്ലാ സെക്രട്ടറിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കൊണ്ടായിരുന്നു പ്രശാന്ത് ശിവന്റെ ആരോപണം. ഹരിദാസിനെ സിപിഎം കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് ചിറ്റൂരില്‍ 1260 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയത്. മീനാക്ഷിപുരം സര്‍ക്കാര്‍ പതിയില്‍ കണ്ണയ്യന്റെ വീട്ടില്‍ വച്ചാണ് സ്പിരിറ്റ് പിടികൂടിയത്. എല്‍സി സെക്രട്ടറി ഹരിദാസും സഹായി ഉദയനും ചേര്‍ന്നാണ് സ്പിരിറ്റെത്തിച്ചതെന്നായിരുന്നു കണ്ണയ്യന്‍ മൊഴി നല്‍കിയത്.സ്ഥിരമായി സ്പിരിറ്റ് എത്തിക്കാറുണ്ടെന്നും കണ്ണയ്യന്‍ പറഞ്ഞതോടെയാണ് ഹരിദാസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
















