പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ രണ്ട് ഡോളി തൊഴിലാളികളെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് റാണിക്കോവില്‍ എസ്റ്റേറ്റ് സ്വദേശികളായ കണ്ണന്‍ (31), രഘു. ആര്‍ (27) എന്നിവരാണ് പിടിയിലായത്.
തുലാമാസ പൂജയ്‌ക്കിടെ ശബരിമല ദര്‍ശനത്തിനെത്തിയ കാസര്‍ഗോഡ് സ്വദേശികളുടെ സംഘത്തെയാണ് പ്രതികള്‍ കബളിപ്പിച്ചത്. ഒക്ടോബര്‍ 18-ന് ഉച്ചയ്‌ക്ക് 12 മണിയോടെ തിരക്ക് മൂലം തീര്‍ത്ഥാടകരെ നിയന്ത്രിച്ചിരുന്ന സമയം മരക്കൂട്ടത്തു നിന്ന് നടന്നു വന്ന സംഘത്തെ പ്രതികള്‍ സമീപിച്ചു.
ക്യൂവില്‍ അധിക സമയം നില്‍ക്കാതെ അയ്യപ്പ ദര്‍ശനം സാധ്യമാക്കാം എന്ന് വിശ്വസിപ്പിച്ച് ഇവരില്‍ നിന്ന് 10,000 രൂപ കൈപ്പറ്റിയ ശേഷം തീര്‍ത്ഥാടകരെ വാവര് നടയ്‌ക്ക് സമീപം എത്തിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടിയതായി വിവരം ലഭിച്ച തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പ്രകാരം പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
പ്രതികളായ ഡോളി തൊഴിലാളികളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ദേവസ്വം ബോര്‍ഡിന് പൊലീസ് കത്ത് നല്‍കും. തിരക്ക് അധികരിക്കുന്ന സമയങ്ങളില്‍ ഡോളി തൊഴിലാളികള്‍ പണം വാങ്ങി ക്യൂവില്‍ നില്‍ക്കാതെ ആളുകളെ ദര്‍ശനത്തിന് കൊണ്ടുപോകുന്നതായി നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഡോളി ചുമക്കാതെ, ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ കബളിപ്പിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇത്തരം ആള്‍ക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
















