പാട്ന : 2025ലെ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഒരു കാര്യം നിസംശയം പറയാനാകും, അത് മറ്റൊന്നുമല്ല ബീഹാറിലെ സ്ത്രീകൾ എൻഡിഎയെ വളരെയധികം അനുകൂലിക്കുന്നു എന്നതാണ്. ഇത് നിർണ്ണയിക്കാൻ ഒരു സർവേയുടെയും ആവശ്യമില്ല. ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ എൻഡിഎ റാലികളിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണം മഹാസഖ്യത്തിന്റെ റാലികളേക്കാൾ വളരെ കൂടുതലാണെന്ന് ഇപ്പോൾ കാണാൻ കഴിയും. റാലികളിൽ പ്രായഭേദമെന്യ സ്ത്രീകൾ ഒന്നിച്ച് ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. ഈ പ്രവണതയ്‌ക്ക് നിരവധി കാരണങ്ങളുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വികസനോത്മുഖമായ പദ്ധതികൾ തന്നെയാണിതിന് കാരണം.
നിതീഷ് കുമാറിന്റെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ സചീന്ദ്ര സിംഗ് അടുത്തിടെ പറഞ്ഞ കാര്യങ്ങൾ ഏറെ പ്രാധാന്യം നിറഞ്ഞതാണ്. നിതീഷ് കുമാർ ഇരുപത് വർഷത്തോളമായി സ്ത്രീ വോട്ടർ അടിത്തറയെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിച്ചിട്ടുണ്ടെന്ന് സചീന്ദ്ര സിംഗ് പറയുന്നു. 2006ലാണ് നിതീഷ് കുമാർ, മുഖ്യമന്ത്രിയുടെ ഗേൾ ചൈൽഡ് സൈക്കിൾ പദ്ധതി ആരംഭിച്ചത്. അതിനനുസരിച്ച് സ്കൂൾ പെൺകുട്ടികൾക്ക് സൈക്കിൾ വാങ്ങാൻ പണം നൽകി. ഇത് സ്കൂളിൽ നിന്ന് കൊഴിഞ്ഞു പോകുന്ന പെൺകുട്ടികളുടെ എണ്ണം ഗണ്യമായി കുറച്ചു. ഈ പെൺകുട്ടികൾ ഇപ്പോൾ സ്ത്രീകളും വോട്ടർമാരുമായി മാറിയിരിക്കുന്നു. 2006 ൽ, ഒരു പെൺകുട്ടിക്ക് നൽകിയ ഒരു സൈക്കിളിന് ഭാവിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നായിരുന്നു നിതീഷ് കുമാറിന്റെ ദർശനം. ഇത് പെൺകുട്ടികളുടെ ഭാവനയ്‌ക്ക് ചിറകുകൾ നൽകി. ഇത് തന്നെ ഒരു വലിയ വികസനമായിരുന്നു.

1990 മുതൽ 2005 വരെയുള്ള ലാലു പ്രസാദ് യാദവിന്റെ കാലഘട്ടത്തിൽ, സ്ത്രീകളാണ് ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെട്ടത്. ഇന്ന്, മോദി-നിതീഷ് എൻഡിഎ സർക്കാരിന് കീഴിൽ, സ്ത്രീകൾ ഏറ്റവും വലിയ ആശ്വാസവും ഏറ്റവും വലിയ സന്തോഷവും കണ്ടെത്തിയിരിക്കുന്നു എന്നതാണ് വാസ്തവം. സൗജന്യ വൈദ്യുതി കണക്ഷനുകൾ, സൗജന്യ ഗ്യാസ് കണക്ഷനുകൾ, സൗജന്യ മെഡിക്കൽ ചികിത്സ, ശൗചാലയങ്ങൾ, പഞ്ചായത്തീരാജിലെ സംവരണങ്ങളിൽ നിന്നും പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ സ്ഥിരം വീടുകൾ നൽകിയതിൽ നിന്നും സ്ത്രീകൾ അനുഭവിച്ച സന്തോഷം അതുല്യമാണ്. കൂടാതെ സുരക്ഷയിൽ അവർ നേടിയ ആത്മവിശ്വാസം അതുല്യമാണ്. സ്ത്രീ സുരക്ഷയ്‌ക്കായി നിതീഷ് കുമാർ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു. ബീഹാറിലെവിടെയും യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് 112 എന്ന നമ്പറിൽ വിളിച്ച് പോലീസ് സഹായം സ്വീകരിക്കാനുള്ള സംവിധാനം ഇന്ന് നിലവിലുണ്ട്.
ബീഹാറിലെ സ്ത്രീകൾ വളരെയധികം വിലമതിച്ച മറ്റൊരു സർക്കാർ സംരംഭം 2016 ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന മദ്യ നിരോധന നിയമമാണ്. ഈ നിയമത്തിന് മുമ്പ് വൈകുന്നേരങ്ങളിൽ പോലീസ് സ്റ്റേഷനുകളിൽ മദ്യപിച്ചതിന് ശേഷം ഭർത്താക്കന്മാർ തങ്ങളെ മർദിച്ചതായി ഭാര്യമാർ പരാതിപ്പെടുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു. ബാറുകൾക്ക് മുന്നിൽ, മദ്യപിച്ച് അലഞ്ഞുതിരിയുന്നവർ അസഹനീയമായ അന്തരീക്ഷം സൃഷ്ടിച്ചത് സ്ത്രീകളെ മാത്രമല്ല, കുട്ടികൾക്ക് പോലും പുറത്തുപോകാൻ ബുദ്ധിമുട്ടായി. മദ്യ നിരോധന നിയമം സ്ത്രീകൾക്കും കുട്ടികൾക്കും ഒരു പോലെയാണ് ആശ്വാസം നൽകിയത്.
ഇപ്പോഴിത ബീഹാർ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ സ്വയം തൊഴിൽ പദ്ധതി പ്രകാരം, 12.1 ദശലക്ഷം സ്ത്രീകൾക്ക് ആവശ്യമുള്ള തൊഴിൽ നേടുന്നതിനായി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 10,000 രൂപ ലഭിച്ചു. ഈ പണം ഉപയോഗപ്പെടുത്തി ബിസിനസുകൾ വിജയകരമായി നടത്തുന്ന സ്ത്രീകൾക്ക് 2 ലക്ഷം രൂപ വരെ അധിക സഹായവും ലഭിക്കും. ഇത്തരത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി നിതീഷ് കുമാർ സ്വീകരിക്കുന്ന പദ്ധതികൾ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് കരുത്തേകിയെന്ന് വേണം പറയുവാൻ.
















