തിരുവനന്തപുരം: സിപിഎം-സിപിഐ നാടകത്തിനൊടുവിൽ പി എം ശ്രീ പദ്ധതി താൽക്കാലികമായി മരവിപ്പിക്കും. ചർച്ച ചെയ്ത് തീരുമാനം എടുത്ത ശേഷം പദ്ധതിയുമായി മുന്നോട്ട് പോകും. ഈ നിർദേശം ഇന്ന് സിപിഐ നേതാക്കളെ മുഖ്യമന്ത്രി തന്നെ അ റിയിക്കും. നവംബർ രണ്ടിന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനം എടുക്കും.
അതേ സമയം സിപി ഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയക്കാൻ സെക്രട്ടറിയേറ്റിൽ ധാരണയിലെത്തിയിട്ടുണ്ട്. സിപിഎം ഇക്കാര്യം സിപിഐയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചർച്ച ഉടൻ നടക്കും. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയിലെ എല്ലാ നടപടികളും കേരളത്തിൽ നടപ്പാക്കാനാവില്ലെന്നും ഇത് അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോവാമെന്നുമാവും കത്തിലൂടെ സർക്കാർ കേന്ദ്രത്തെ അറിയിക്കുക.
ഡി രാജയുമായി എംഎ ബേബി സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്‌ക്ക് ശേഷമാണ് ഡി രാജയെ ഫോണിൽ വിളിച്ചത്. ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് ദേശീയ നേതാക്കളും രംഗത്തെത്തി. പരസ്യമായി സിപിഎം നിലപാട് പ്രഖ്യാപിക്കണമെന്നും അങ്ങനെയെങ്കിൽ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നുമാണ് സിപിഐ വൃത്തങ്ങൾ അറിയിച്ചിരുന്നത്. ഇതിനിടെയാണ് ഇത്തരമൊരു തീരുമാനം വരുന്നത്.















