ബെംഗളൂരു: തേജസടക്കമുള്ള യുദ്ധ വിമാനങ്ങള്‍ക്കു പിന്നാലെ ഭാരതം യാത്രാ വിമാനങ്ങളും നിര്‍മിക്കാനൊരുങ്ങുന്നു. ഇതിനുള്ള കരാര്‍ റഷ്യന്‍ കമ്പനി യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പറേഷനുമായി മോസ്‌കോയില്‍ ഒപ്പിട്ടതായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എസ്‌ജെ 100 എന്ന യാത്രാ വിമാനമാണ് നിര്‍മിക്കുക.
ഇരട്ട എന്‍ജിനുള്ള, വണ്ണം കുറഞ്ഞ (നാരോബോഡി) വിമാനങ്ങള്‍ ഹ്രസ്വ ദൂര യാത്രകള്‍ക്കുപയുക്തമാണ്. ലോകത്താകെ 16 വിമാന ഓപ്പറേറ്റര്‍മാര്‍ ഈ വിമാനം ഉപയോഗിക്കുന്നു. 200ലേറെ വിമാനങ്ങള്‍ റഷ്യന്‍ കമ്പനി നിര്‍മിച്ചിട്ടുണ്ട്. ഏതു കാലാവസ്ഥയിലും പറക്കാനാകുന്ന എസ്‌ജെ 100 വിമാനങ്ങളില്‍ നൂറിലേറെ യാത്രക്കാരെ കയറ്റാം. 3530 കി.മീറ്ററാണ് ദൂരപരിധി.
മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ മെയ്‌ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയ്‌ക്കു കുതിപ്പേകുന്ന വിമാന നിര്‍മാണം, ആഭ്യന്തര വിമാന സര്‍വീസ് പദ്ധതി ഉഡാനും ഗുണകരമാകും. യാത്രാ വിമാനം രാജ്യത്തു സമ്പൂര്‍ണമായി നിര്‍മിക്കുന്നത് ആദ്യമാണ്. വരുന്ന 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരം ഇരുനൂറിലേറെ വിമാനങ്ങള്‍ ആഭ്യന്തര വ്യോമയാന വ്യവസായത്തിനും 350 വിമാനങ്ങള്‍ ഭാരത മഹാസമുദ്ര മേഖലയിലും വേണ്ടി വരുമെന്നാണ് മന്ത്രാലയ കണക്കെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് രൂപകല്പന ചെയ്ത് ആഭ്യന്തരമായി നിര്‍മിക്കുന്ന തേജസാണ്, ലോകത്തേറ്റവും ഭാരം കുറഞ്ഞ ലഘു യുദ്ധ വിമാനം. ഇതിനു പുറമേ എച്ച്എഎല്‍ കോപ്റ്ററുകളും നിര്‍മിക്കുന്നുണ്ട്. അഞ്ചാം തലമുറ യുദ്ധ വിമാനവും എച്ച്എഎല്‍ ആഭ്യന്തരമായി വികസിപ്പിച്ചുവരികയാണ്.














