ന്യൂഡൽഹി: (29-10-2025)- 2019ലെ ബാബ്‌റി മസ്ജിദ്- അയോധ്യ കേസിലെ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി പട്യാല ഹൗസ് കോടതി തള്ളി. അഭിഭാഷകൻ മഹ്മൂദ് പ്രാച സമർപ്പിച്ച ഹരജി “നീതിന്യായ പ്രക്രിയയുടെ ദുരുപയോഗം” ആണെന്ന് കോടതി വിലയിരുത്തി. ആറ് ലക്ഷം രൂപ പിഴയും ചുമത്തിയാണ് ഹർജി തള്ളിയത്.
ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച അയോധ്യ വിധി അസാധുവാണെന്നും, അന്ന് ബെഞ്ചിൽ ഉണ്ടായിരുന്ന മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നടത്തിയ പരാമർശങ്ങളെ അടിസ്ഥാനമാക്കി അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ജഡ്ജി ധർമേന്ദ്ര റാണ അധ്യക്ഷനായ കോടതിയാണ് ഈ ആവശ്യം തള്ളിക്കളഞ്ഞത്. ഇതോടെ 2019ലെ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിക്കു അവസാനമായി കോടതിയിൽ നിന്നും താക്കീത് ലഭിച്ചു.
















