ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ശര്‍മയെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ശിപാര്‍ശ ചെയ്തു. കേന്ദ്ര നിയമ മന്ത്രാലയം ശിപാര്‍ശ അംഗീകരിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചാല്‍, സൂര്യകാന്ത് 53-ാമത് ചീഫ് ജസ്റ്റിസാകും. നവംബര്‍ 23നാണ് ബി.ആര്‍. ഗവായ് വിരമിക്കുക. പിന്‍ഗാമിയെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രം ജസ്റ്റിസ് ഗവായ്‌യിക്കു കത്തയച്ചിരുന്നു.
ശിപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ ഹരിയാനയില്‍ നിന്ന് ചീഫ് ജസ്റ്റിസാകുന്ന ആദ്യ വ്യക്തിയാകും ജസ്റ്റിസ് സൂര്യകാന്ത്. 1962 ഫെബ്രുവരി 10-നാണ് ജനനം.
2019 മേയ് 24ന് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി. 2027 ഫെബ്രുവരി ഒന്‍പതു വരെ സര്‍വീസുണ്ട്. 1984ല്‍ ഹിസാര്‍ ജില്ലാക്കോടതിയില്‍ അഭിഭാഷക ജോലിയാരംഭിച്ച അദ്ദേഹം 1985ല്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക്കു ജോലി മാറ്റി. 2001 മാര്‍ച്ചില്‍ അദ്ദേഹത്തെ സീനിയര്‍ അഭിഭാഷകനായി നിയമിച്ചു. 38-ാം വയസില്‍ അദ്ദേഹം ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി. 2004 ജനുവരി ഒന്‍പതിന്, 42-ാം വയസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സ്ഥിരം ജഡ്ജിയായി. ഹൈക്കോടതി ജഡ്ജിയായി 14 വര്‍ഷത്തിലേറെ സേവനം. 2018 ഒക്ടോബറില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2019 മേയ് 24നു സുപ്രീംകോടതിയിലെത്തി.
















