മട്ടാഞ്ചേരി: ‘കേരളം അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം’ റേഷന്‍- പൊതുവിതരണ മേഖലയില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് ആശങ്ക. ഭക്ഷ്യ സുരക്ഷാ നിയമ മാനദണ്ഡങ്ങളും ഭക്ഷ്യധാന്യ സബ്‌സിഡി നിബന്ധനകളും സംസ്ഥാനത്തെ റേഷന്‍ – സിവില്‍ സപ്ലൈസ് മേഖലകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
പൊതുവിതരണ മേഖലയ്‌ക്കിത് തിരിച്ചടിയാകുമെന്ന ആശങ്കയ്‌ക്കൊപ്പം സബ്‌സിഡി, ബാങ്ക് വായ്‌പ, വിദ്യാഭ്യാസാനുകൂല്യങ്ങള്‍ എന്നിവയിലും പ്രതിസന്ധിക്കിടയാക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യ പൊതുവിതരണ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നയപ്രകാരമുള്ള ഭക്ഷ്യധാന്യ സബ്‌സിഡി വിഹിതം, ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി, പരിപാടികള്‍ എന്നിവയുടെ വിഹിതങ്ങള്‍ കുറയാനുമിതിടയാക്കുമെന്നാണ് വിലയിരുത്തല്‍. അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപന മാനദണ്ഡങ്ങള്‍ ഭക്ഷണം, സുരക്ഷിത പാര്‍പ്പിടം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നിവയാണ്. ഇതില്‍ ഭക്ഷണവിഭാഗത്തിലുണ്ടാകുന്ന ഭക്ഷ്യധാന്യ വിഹിതത്തിലെ പ്രതിസന്ധി പൊതുവിപണിയില്‍ വിലക്കയറ്റത്തിനിടയാക്കും.
റേഷന്‍ ഭക്ഷ്യ ധാന്യമേഖലയിലാണ് പ്രഖ്യാപനം ഏറെ പ്രതിസന്ധിയുണ്ടാക്കുക. 93 ലക്ഷം റേഷന്‍ കാര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്. അതില്‍ സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്ന 42 ലക്ഷത്തോളം കാര്‍ഡുടമകള്‍ക്കാണ് ആദ്യഘട്ട തിരിച്ചടിയുണ്ടാകുകയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2013ലെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം അതിദാരിദ്ര്യ മേഖല വിഭാഗത്തിലുള്ള അന്ത്യോദയ അന്ന യോജന (മഞ്ഞ) കാര്‍ഡുടമകള്‍ക്ക് അരിയടക്കം 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. കൂടാതെ പഞ്ചസാര, മണ്ണെണ്ണ എന്നിവ സബ്‌സിഡി നിരക്കിലും ലഭിക്കുന്നുണ്ട്. ആറ് ലക്ഷത്തോളം മഞ്ഞ കാര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്.
മുന്‍ഗണന കുടുംബം വിഭാഗ (പിങ്ക്) ത്തില്‍ 36 ലക്ഷം കാര്‍ഡുകളാണുള്ളത്. കാര്‍ഡിലെ ഒരംഗത്തിന് മൂന്ന് കിലോ അരിയും, ഒരു കിലോ ഗോതമ്പ് / റാഗിയും ലഭിക്കും. രണ്ടു രൂപയാണ് ഉത്പന്ന നിരക്ക്. മഹാമാരിയെ തുടര്‍ന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ നയപ്രഖ്യാപനമനുസരിച്ച് 2029 മാര്‍ച്ച് വരെ പിങ്ക് കാര്‍ഡുകള്‍ക്ക് നിലവില്‍ ഭക്ഷ്യധാന്യ വിതരണം സൗജന്യമാണ്. മുന്‍ഗണന സബ്‌സിഡി കാര്‍ഡ് വിഭാഗ (നീല) ത്തിന് കിലോയ്‌ക്ക് നാലു രൂപ നിരക്കിലാണ് ഭക്ഷ്യധാന്യ ഉത്പന്നം ലഭിക്കുന്നത്.
23 ലക്ഷം നീല കാര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്. റേഷന്‍ മേഖലയില്‍ പ്രതിമാസം വിതരണം ചെയ്യുന്ന 15 – 16 ലക്ഷം കിലോ ഭക്ഷ്യധാന്യ വിതരണത്തില്‍ 13-14 ലക്ഷം ഭക്ഷ്യധാന്യവും സബ്‌സിഡി അനുബന്ധ കാര്‍ഡുകളുടെതാണെന്നാണ് കണക്ക്. അതിദാരിദ്ര്യമുക്ത പ്രഖ്യാപനവും തുടര്‍ മാനദണ്ഡങ്ങളും റേഷന്‍ വിഹിതത്തിലും സബ്‌സിഡി വിതരണത്തിലും തിരിച്ചടിയായി മാറുമെന്നാണ് പറയുന്നത്.
വരുന്ന കേന്ദ്ര ബജറ്റടക്കമുള്ളവയില്‍ വ്യവസ്ഥാപിത മാനദണ്ഡങ്ങള്‍ പ്രകാരം ഒട്ടേറെ പദ്ധതി വികസന പ്രവര്‍ത്തന വിഹിതങ്ങള്‍ക്കുമിത് പ്രതിസന്ധിയായി മാറുമെന്നും വിലയിരുത്തുന്നു. സംസ്ഥാനത്തെ പൊതുവിതരണ വിഭാഗത്തിലെ റേഷന്‍ ഷോപ്പ്, കെ-സ്റ്റോര്‍ മാവേലി, സിവില്‍ സപ്ലൈസ് അടക്കമുള്ള മേഖലയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന്
തൊഴിലാളികള്‍ക്കും തൊഴിലവസരങ്ങള്‍ക്കും പ്രഖ്യാപനം തിരിച്ചടിയാകുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്.
















