ഒക്‌ടോബർ 27, വയലാർ നമുക്ക് എന്നെന്നേക്കുമായി നഷ്ടമായ ദിവസം; അതിന് 50 വർഷമായി!
വയലാർ രാമവർമ്മ ഒരു പേരല്ലായിരുന്നു, ഇണവും ഈരടിയുമല്ലായിരുന്നു, വികാരവും പിന്നെ വിചാരവുമായിരുന്നു. 1928 മാർച്ച് 25 ന് ജനിച്ച്, 1975 ഒക്‌ടോബർ 27നാണ് വയലാർ അന്തരിച്ചത്.
നാടകഗാനങ്ങൾ, സിനിമാഗാനങ്ങൾ, സിനിമയ്‌ക്കുവേണ്ടി എഴുതിയ ഭക്തിഗാനങ്ങൾ, അവയിലൂടൊയണ് വയലാർ ജനകീയനായത്. പക്ഷേ, വയലാർ സിനിമാ ലോകത്ത് പോയത് സാഹിത്യ ലോകത്തിന് വലിയ നഷ്ടമായിപ്പോയി എന്ന് സത്യസന്ധമായി വിലയിരുത്തിയാൽ പലരും തർക്കിക്കും. സിനിമാ ഗാനം സാഹിത്യമല്ലേ എന്ന് ചോദിക്കും. സിനിമാ ഗാനത്തിൽ കവിതയില്ലേ എന്ന് ആക്രോശിക്കും. പക്ഷേ,
‘സ്വർണച്ചാമരം വീശിയെത്തുന്ന സ്വപ്‌നമായിരുന്നെങ്കിൽ ഞാൻ,’ ‘സംന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ് വന്നു…’ തുടങ്ങിയ വയലാർ ഗാനങ്ങൾ കവിതയല്ലെന്ന് ആരും പറയില്ല. പക്ഷേ, വയസ്സ് 47 എത്തിയപ്പോൾ ”ആരണ്യാന്തര ഗഹ്വരോദര തപസ്ഥാനങ്ങളിൽ,
സൈന്ധവോദാര ശ്യാമ മനോഭിരാമ പുളിനോപാന്ത പ്രദേശങ്ങളിൽ
ആരന്തർമുഖമീ പ്രപഞ്ച പരിണാമോദ്ഭിന്നസർഗ്ഗക്രിയാ-
സാരം തേടിയലഞ്ഞുപണ്ട്, അവരിലെ ചൈതന്യമെൻ ദർശനം’ എന്ന് തിരിച്ചറിഞ്ഞ് അസ്സൽ കവിതയെഴുതാൻ തുടങ്ങിയപ്പോൾ വാസ്തവത്തിൽ വലയാറിലെ കവിതയ്‌ക്ക് ‘ആണ്ടമുളപൊട്ടൽ’ ഉണ്ടായതേ ഉള്ളു. കഷ്ടം! എന്നുതന്നെ പറയണം, അപ്പോഴേക്കും ആ ‘മുളങ്കാട്’ പൂത്തുപോയി; ആത്മനാശം വന്നു, അല്ല, ഒരു കവിതാ ശാഖയ്‌ക്കുതന്നെ വംശനാശം വന്നുചേർന്നതുപോലെയായി.
വയലാർ സിനിമാ ലോകത്തിന്റെ ദുശ്ശീലങ്ങളിൽ മുങ്ങിപ്പോയ പ്രതിഭയായിരുന്നു. സംസ്‌കൃതം പഠിച്ച, മഹാകാവ്യങ്ങൾ മനപ്പാഠമാക്കി മഹനീയ സംസ്‌കാരബോധമാർജ്ജിച്ച കവിയിൽനിന്ന് പ്രണയത്തിന്റെ മാസ്മരികതയും മാധുരിയും മഹിമയുമുള്ള സങ്കൽപ്പങ്ങൾ വാർന്നുവീഴേണ്ടിയിരുന്നപ്പോൾ, ആവശ്യങ്ങൾ ഉയർന്നത് സിനിമയിലെ മരംചുറ്റിപ്രണയത്തിന് പറ്റുന്ന ‘മണിപ്രവാള’ങ്ങളായിരുന്നു. എന്നാൽ, കവിചിത്തത്തിന് എങ്ങനെ കള്ളം പറയാൻ പറ്റും. വയലാർ കവിതകൾ ഗാനങ്ങളുടെ ഉടുപ്പണിയിച്ച് വെള്ളിത്തിരയ്‌ക്ക് നൽകി. തന്നിലെ ”കാളിദാസൻ മരിച്ചു കണ്വമാമുനി മരിച്ചു, അനസൂയയും പ്രിയംവദയും മരിച്ചു” എന്ന് സ്വയം സങ്കടപ്പെട്ടിരിക്കണം കവി, പക്ഷേ ”ശകുന്തള മാത്രം മരച്ചില്ല” എന്ന് സമാധാനിക്കാനുള്ള കാവ്യവൈഭവവും വയലാറിനുണ്ടായിരുന്നു. (ശകുന്തളയെ കാളിദാസനുമുകളിൽ പ്രതിഷ്ഠിക്കാനൊന്നും വയലാർ വാക്കുവഴക്കാനിടയില്ല, അങ്ങനെയാണ് ആ പാട്ടിന്റെ അർത്ഥമെന്നു വ്യാഖ്യാനിക്കുന്നവരോട് യോജിക്കാൻ വയ്യതന്നെ) കാളിദാസൻ മരിക്കില്ല എന്ന് കവിക്ക് നല്ല ഉറപ്പുണ്ടായിരുന്നു, കവികളും കവിതയും നിലനിൽക്കുന്നിടത്തോളംകാലം. വയലാർ എഴുതിയ പാട്ടുകളിലൊക്കെ ഈ ഭാരത കാവ്യമഹാസാഗരത്തിലെ രത്‌നക്കല്ലുകൾ പതിച്ചുവെച്ചത് അങ്ങനെയാണ്.
ഇന്നും പാട്ടുകൾക്കും ഗാനങ്ങൾക്കും അടിസ്ഥാനതന്തു പ്രണയവും ജീവിത വിചിത്ര സാഹചര്യങ്ങളുമൊക്കെത്തന്നെയെങ്കിലും ഇന്നത്തെ പാട്ടുകൾക്ക് വയലാർ ഗാനങ്ങളുടെ നിലയില്ലാത്തതിന് കാരണം ആനുകാലിക സാഹചര്യങ്ങളല്ല, മറിച്ച്, ആനുകാലികരുടെ കാവ്യസംസ്‌കാരത്തിന്റെ ലോപമാണ്. അത് എഴുത്തിലും കേൾവിയിലും ആസ്വാദനത്തിലും വരുത്തിത്തീർത്ത നിലകൊണ്ടുകൂടിയാണ്.
‘ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി ഗുരുവായൂരപ്പാ’, ‘ഗുരുവാവയൂരമ്പല നടയിൽ ഒരു ദിവസം…,” ശരണയ്യപ്പാ സ്വാമീ ശരണമയ്യപ്പാ,”ശബരിമലയിൽ തങ്കസൂര്യോദയം,”തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമീ,” ദേവീ കന്യാകുമാരീ പ്രസീദ പ്രത്യക്ഷ..’ എന്നിങ്ങനെ അനേകം ഗാനങ്ങൾ സിനിമയ്‌ക്കുവേണ്ടി എഴുതിയപ്പോൾ തീർച്ചയായും വയലാർ എന്ന പ്രതിഭയും ആ ‘ഹംസതൂലിക’യും ആനന്ദിച്ചിട്ടുണ്ടാവണം. അതിന് തെളിവാണ്, ‘സർഗ്ഗ സംഗീത’ത്തിൽ, ”ഞാനിജ്ജാലകാ വാതിലിൽ ചെറുമുളംതണ്ടിൽ ഞൊറിഞ്ഞിട്ടതാ-
ണീ നീലത്തുകിൽ ശാരദേന്ദുകലയെ പാവാട ചാർത്തിക്കുവാൻ,
ഹാ നിത്യം ചിറകിട്ടടിച്ചു ചിതറിക്കീറിപ്പറപ്പിച്ചുവോ
ഞാനിസ്സർഗ്ഗ തപസ്സമാധിയിലിരിക്കുമ്പോൾ കൊടുങ്കാറ്റുകൾ” എന്ന് ഖേദംകൊണ്ടത്. ‘കവിയുടെ തപസ്സമാധി’ മുടക്കിയ ‘കൊടുങ്കാറ്റുകൾ’ ആ കാലത്തെ സാമൂഹ്യാവസ്ഥ മാത്രമായിരുന്നിരിക്കില്ല, അത് വയലാർ ‘അകപ്പെട്ടുപോയ ഒരു രാഷ്‌ട്രീയച്ചുഴിയേയും അതിലെ ചുഴലിക്കാറ്റുക’ളെയും കുറിച്ചുകൂടി ആയിരിക്കണം. അതുകൊണ്ടാണല്ലോ അതേകവിതയിൽ ”വാളല്ലെൻ സമരായുധം…” എന്ന ശ്ലോകത്തിൽ ‘കരവാളുവിറ്റ് മണിപ്പൊൻ വീണ വാങ്ങി’യെന്നും അതിൽ ‘താളത്തിനും രാഗത്തിനും ലയത്തിനും ശ്രുതിക്കും സ്വരത്തിനും അല്ലാതെ അതിൽ ഓളക്കുത്തുകൾ തീർക്കാൻ കഴികയില്ലെ’ന്ന് പ്രസ്താവിച്ചതും.
വയലാറിന്റെ സിനിമപ്പാട്ടുകൾ മൂളുന്നവരും പാടുന്നവരും വലയാറിനെക്കുറിച്ച് അഭിമാനം കൊള്ളുന്നവരും അവരിലെ കവികളും വിമശകരും നിരൂപകരും എത്രത്തോളം ആ കവിയെ ഉൾക്കൊണ്ടറിയുകയും അറിഞ്ഞത് പറയുകയും ചെയ്തിട്ടുണ്ടെന്ന് കണക്കെടുത്താൽ, വിരലിലെണ്ണാവുന്നവർ മാത്രം. ഒരുകവി, പക്ഷേ തന്റെ എഴുത്തിലൂടെ വയലാറിനെ ആവിഷ്‌കരിച്ചിട്ടുണ്ട്. വയലാറിന്റെ പ്രതിമകൾക്കോ, ചിത്രങ്ങൾക്കോ, സ്മാരക അവാർഡുകൾക്കോ നൽകാൻ പറ്റാത്ത സ്മാരകമൂല്യം ആ കവിതയ്‌ക്കുണ്ട്. വയലാറിനെപ്പോലെ അടിമുടി കവിയായിരുന്ന, സാംസ്‌കാരികാഭിമാനിയായിരുന്ന, സനാതനാന്വേഷിയായിരുന്ന, ചലച്ചിത്രഗാനരചയിതാവായിരുന്ന കവി എസ്. രമേശൻനായരാണ് ആ കവി. രമേശൻ നായരുടെ ‘വയലാർ’ എന്ന കാവ്യം, വയലാറിന് ഇക്കാലം വരെ ആരുമാരും ചെയ്യാത്ത ‘അർച്ചന’യാണ്.
കവിത ഇങ്ങനെ തുടങ്ങുന്നു; വയലാറിന്റെ പാട്ടുകൾ പോലെ ലളിതമായി:
”ഉണ്ടായിരുന്നു വയലാറൊരു കാറ്റുപോലെ,
പണ്ടേ നനുത്ത സുഖമുള്ളൊരു പാട്ടുപോലെ…” എന്ന്.
കവിത വളരുന്നതിങ്ങനെ:
”ഉണ്ടായിരുന്നു വയലാറു നിലാവുപോലെ
സന്ധ്യയ്‌ക്കു ചന്ദ്രകളഭം തൊടുവിച്ചപോലെ
സിന്ദൂരമിട്ടു പുലർകാലമണഞ്ഞപോലെ ചെന്തെങ്ങിലുള്ളൊരിളനീർ മധുരിച്ചപോലെ.”
ഓരോ വരിയിലും വാക്കിലും വയലാർ നിറഞ്ഞൊഴുകുകയാണ്. കവിതയ്‌ക്ക് ‘പറയാതെ പറയാനുള്ള കഴിവ്’ ഇത്രമാത്രമുണ്ടെന്ന് ഈ രമേശൻനായർക്കവിത തെളിയിക്കുന്നു. കവിത തുടരുന്നു:
”വെള്ളിത്തിളക്കമൊടു പാദസരം കിലുക്കി
ഉള്ളിലെക്കിളിയെ മെല്ലെ വിളിച്ചുണർത്തി
തുള്ളിക്കുതിച്ചു കുളിരിന്റെ കുടം കമിഴ്‌ത്തി
ഉള്ളം കുളിർത്തു പെരിയാർ വയലാറിലെത്തീ.
ഓരോ കിളിക്കുമൊരു പല്ലവി വീണുകിട്ടീ
തീരത്തുവന്നു തിരമാലകൾ മാലചാർത്തീ
തോരാമഴയ്‌ക്കു പകരം കുളിരോടെയെത്തീ
ഒരായിരം വരികൾ നമ്മെ വിളിച്ചുണർത്തീ.
വിണ്ണിന്റെ പാട്ടുപുരവാതിൽ തുറന്നുവന്നു
മണ്ണിൽപ്പിറന്നതൊരു കിന്നരനായിരുന്നു
കർണ്ണാമൃതങ്ങളുടെ കാലമതായിരുന്നൂ
കണ്ണീർവിളക്കുമരമങ്ങനെ പൂത്തുലഞ്ഞൂ.
കുന്നിൽപ്പുകഞ്ഞു മണമേകിയ കുന്തിരിക്കം
വെൺചന്ദ്രലേഖയുടെയപ്സര നൃത്തശിൽപം
കണ്ണിന്റെ പോളവിരിയും മൃദുപാരിജാതം
വെണ്ണക്കുഴമ്പുകുഴയും തളിരൊത്ത ദേഹം.
സ്വപ്നംവിളഞ്ഞ മലയാളമനോജ്ഞതീരം പുഷ്പ്പിച്ച വാക്കുകളിലർത്ഥമലിഞ്ഞ കാലം
ചിത്തത്തിലിന്ദ്രധനുസ്സിൻ നറുതൂവലെന്നും
സ്പർശിച്ചു നിർവൃതിയിലാഴ്‌ത്തുമപൂർവഹർഷം.”
എന്നാൽ കവി വയലാറിനെ മലയാളം വേണ്ടരീതിയിൽ ആദരിച്ചോ? ഇല്ലെന്നാണ് കവി രമേശൻനായരുടെ പക്ഷം. രണ്ടുകവികൾ തമ്മിൽ കണ്ടാൽ ‘കടിപിടി’യാണെന്ന ആക്ഷേപം ചിലർ ചിലപ്പോൾ ഉയർത്തുമ്പോൾ അങ്ങനെയൊരു അഭിപ്രായം വിലയിരുത്തേണ്ടതുതന്നെയാണ്. രമേശൻ നായർ എഴുതുന്നു:
”ഉണ്ടാവുകില്ലിനി നമുക്കൊരു കാളിദാസൻ
രണ്ടാമതില്ല, കവിയായ കുമാരനാശാൻ
മിണ്ടാൻ നമുക്കുമടി, നല്ലതു സമ്മതിക്കാൻ
ഉണ്ടായിരുന്ന വയലാറിനെ ആദരിക്കാൻ”ഇതു സത്യമാണ്.
കവി രമേശൻനായർ മറ്റൊരു സത്യം കൂടി അക്ഷരംകൊണ്ട് എക്കാലത്തേക്കും ‘അക്ഷര’മായി എഴുതിവെക്കുന്നു:
”എല്ലാം തികഞ്ഞ വയലാറിനു തുല്യമായി-
ട്ടില്ലാ നമുക്കു പറയാനൊരു പാട്ടുകാരൻ.
മുല്ലയ്‌ക്കുമുണ്ടുമണ,മീ മലയാളമുറ്റം
നെല്ലല്ല പൊന്നുകുമിയുന്നൊരെഴുത്തുപാടം!
ഗാനങ്ങൾ വർണ്ണശലഭങ്ങൾ നിറഞ്ഞുപാറും
ഈ നന്ദനത്തിനിനി മറ്റൊരു സാമ്യമില്ല.
ഹാ! നമ്മളാരു തുനിയും ഗുരുനിന്ദയാലീ
സാനന്ദസാന്ദ്രവരലബ്ധിതമസ്‌കരിക്കാൻ?
കന്യാകുമാരി മുതലങ്ങു ഹിമാലയത്തിൻ
നിർണ്ണായകത്വഗരിമാവിനെ സാക്ഷിയാക്കി
പുണ്യാഹവർണ്ണനകൾ പെയ്തുനിറച്ച നാടിൻ
പുണ്യത്തെയാരു വയലാറിനെ വിസ്മരിക്കും?”
വയലാർ രാമവർമ്മയ്‌ക്ക്, വയലാർ കവിതകൾക്ക്, ഇതിനപ്പുറം ഒരു വാഴ്‌ത്തില്ല, സ്മാരകമില്ല.
വയലാർ രാമവർമ്മയ്‌ക്ക് ചരമവാർഷിക ദിനത്തിന്റെ അമ്പതാം വർഷത്തിൽ ആദരാഞ്ജലികൾ.
– കാവാലം ശശികുമാർ
















