ലണ്ടൻ : യുകെയിലെ വാൽസാലിൽ ഇന്ത്യൻ വംശജയായ സ്ത്രീയെ ബലാത്സംഗം ചെയ്തതായി പോലീസ്. വംശീയവെറി മൂത്തയാളാണ് അതിക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 20 വയസ്സുള്ള സ്ത്രീയെ വംശീയമായി അധിക്ഷേപിച്ച ശേഷം ബലാത്സംഗം ചെയ്തത് വെളുത്ത വർഗക്കാരനാണെന്ന് സി സി ടി വി യിൽ തെളിഞ്ഞതായി വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താൻ അടിയന്തര അന്വേഷണം ആരംഭിച്ചു.
അതേ സമയം കുറ്റകൃത്യം വംശീയമായ ആക്രമണം ആണെന്ന് തിരിച്ചറിഞ്ഞ ശേഷം പൊതുജനങ്ങളുടെ അഭ്യർത്ഥനയുടെ ഭാഗമായി വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പ്രതിയുടെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടു. ആക്രമണകാരി വെളുത്ത 30 വയസ്സുള്ള ആളാണെന്നും, ചെറിയ മുടിയും കറുത്ത വസ്ത്രവുമാണ് ധരിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
“ഒരു യുവതിക്കെതിരെ നടന്ന തികച്ചും ഭയാനകമായ ആക്രമണമായിരുന്നു ഇത്, ഉത്തരവാദിയായ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്,” – അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിറ്റക്ടീവ് സൂപ്രണ്ട് (ഡിഎസ്) റോണൻ ടൈറർ ഞായറാഴ്ച പറഞ്ഞു.
ഇതിനു പുറമെ അയൽ പ്രദേശങ്ങളിലെ ഡാഷ്‌ക്യാം ക്യാമറകളും സിസിടിവി ക്യാമറകളും ഉള്ള പൗരന്മാരോട് അവരുടെ ദൃശ്യങ്ങൾ പരിശോധിച്ച് വിവരങ്ങൾ പങ്കിടാനും പോലീസ് ആവശ്യപ്പെട്ടു.
സ്ത്രീയുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായി ഇരയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇര ഒരു പഞ്ചാബി സ്ത്രീയാണെന്ന് പ്രാദേശിക കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ അവകാശപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വാൾസാലിൽ വംശീയമായി ബലാത്സംഗത്തിന് ഇരയായ യുവതി ഒരു പഞ്ചാബി സ്ത്രീയാണ് എന്ന് പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് സിഖ് ഫെഡറേഷൻ യുകെയും പറഞ്ഞു.
അതേ സമയം ഒരു ബ്രിട്ടീഷ് സിഖ് സ്ത്രീയെ ബലാത്സംഗം ചെയ്തതിന് ഒരു മാസത്തിന് ശേഷമാണ് വടക്കൻ ഇംഗ്ലണ്ടിൽ മറ്റൊരു വംശീയ ആക്രമണം നടന്നിരിക്കുന്നത്.
















