തിരുവനന്തപുരം: പൊള്ളാച്ചിയില്‍ ആളിയാര്‍ ഡാമിന് താഴെ പുതിയ ഡാം നിര്‍മ്മിക്കാനുളള നടപടി വേഗത്തിലാക്കാനുളള തമിഴ്നാടിന്റെ തീരുമാനത്തില്‍ കേരളത്തിന് ആശങ്ക. പുതിയ ഡാം നിര്‍മ്മിക്കാനുളള പ്രഖ്യാപനം തമിഴ്‌നാട് ബജറ്റിലാണ് ഉണ്ടായത്. 11,000 കോടിരൂപ ചെലവിലാണ് പദ്ധതി.
ചിറ്റൂര്‍ പുഴയിലേക്കുള്ള ഒഴുക്ക് നിലയ്‌ക്കുമെന്നാണ് കേരളത്തിന് ആശങ്ക. നിയമനടപടിക്ക് ഒരുങ്ങുകയാണ് കേരളം.തമിഴ്നാട് എപ്പോഴും കരാര്‍ ലംഘിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. അണ്‍കണ്‍ട്രോള്‍ഡ് ഫ്ളഡ് വാട്ടറും കരാര്‍ പ്രകാരം കേരളത്തിന് കിട്ടേണ്ടതാണ്.അതും തടഞ്ഞ് എടുക്കാനാണ് തമിഴ്നാടിന്റെ ശ്രമം.
തമിഴ്‌നാട് പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ഭാരതപ്പുഴ പുഴ അല്ലാത്ത സ്ഥിതിയിലെത്തും.അത് വെറും പറമ്പാകും.നിയമപരമായ നടപടി സ്വീകരിക്കാന്‍ വേണ്ടി ഇറിഗേഷന്‍ വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.
നിലവില്‍ ആളിയാര്‍ ഡാമില്‍ നിന്നും മൂലത്തറയിലേക്കാണ് വെള്ളമെത്തുന്നത്. അതിനു ശേഷം ചിറ്റൂര്‍ പുഴയിലേക്കും മറ്റ് ചെറുനദികളിലേക്കും വെള്ളമെത്തും. നിലവില്‍ 7.25 ടിഎംസി വെള്ളം ആളിയാര്‍ ഡാമിലൂടെ ചിറ്റൂര്‍ പുഴയിലേക്ക് എത്തണമെന്നതാണ് കരാര്‍. എന്നാല്‍ കരാര്‍ കഴിഞ്ഞ കുറേ കാലങ്ങളായി തമിഴ്നാട് ലംഘിക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട കരാറും പുതുക്കിയിട്ടില്ല. ഈ വിഷയങ്ങളൊക്കെ കാട്ടി നിലവില്‍ സുപ്രീംകോടതിയില്‍ കേസ് നടക്കുകയാണ്.
















