ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലേക്ക് ഇന്‍റര്‍നെറ്റ് ലഭിക്കാന്‍ ബംഗ്ലാദേശിനെ ആശ്രയിക്കുന്നത് ഇന്ത്യ നിര്‍ത്തി. നേരത്തെ, ബംഗ്ലാദേശില്‍ നിന്നും കടലിനടിയിലൂടെ വരുന്ന കേബിള്‍ ആയിരുന്നു വടക്ക് കിഴക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്‍റര്‍നെറ്റിനായി ഉപയോഗിച്ചിരുന്നത്.
ഒക്ടോബര്‍ 21ഓടെ ബംഗ്ലാദേശില്‍ നിന്നും വരുന്ന 10 ജിബിപിഎസ് സമുദ്രാന്തര കേബിള്‍ വഴിയുള്ള സേവനം ബിഎസ് എന്‍എല്‍ നിര്‍ത്തലാക്കിയതായി കേന്ദ്രടെലികോം മന്ത്രി ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു. പകരം എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ആത്മനിര്‍ഭര്‍ഭാരത് (സ്വാശ്രയ ഇന്ത്യ) നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ സ്വന്തം സമുദ്രാന്തരകേബിളും ഇന്ത്യയുടെ സ്വന്തം ഉപഗ്രഹവുമാണ് ബിഎസ് എന്‍എല്‍ ഉപയോഗിക്കുന്നതെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നുള്ള ഇന്‍റര്‍നെറ്റ് കേബിളിനേക്കാള്‍ ചെലവുകുറവാണ് സ്വന്തം രാജ്യത്തിന്റെ കേബിളും ഉപഗ്രഹവും വഴിയുള്ള ഇന്‍റര്‍നെറ്റ്. സ്വന്തം കാലില്‍ നില്‍ക്കാനും ഈ മാറ്റത്തിലൂടെ ഇന്ത്യയ്‌ക്ക് സാധിക്കുന്നുവെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
















