പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആറന്മുളയിൽ ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി പരിശോധന. ശബരിമലയിലെ പ്രധാന സ്ട്രോങ് റൂം സ്ഥിതി ചെയ്യുന്നത് ആറന്മുള ക്ഷേത്രത്തിനുള്ളിലുള്ളത്. ജസ്റ്റിസ് കെ. ടി ശങ്കരന്റെ നേതൃത്വത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല സന്നിധാനത്തിലായിരുന്നു അമിക്കസ് ക്യൂറിയുടെ പരിശോധനകൾ നടന്നത്.
വിലപിടിപ്പുള്ള എന്തെങ്കിലും വസ്തുക്കൾ ശബരിമലയിൽ സമർപ്പിക്കപ്പെട്ടാൽ അത് സൂക്ഷിക്കുക ആറന്മുളയിലെ സ്ട്രോങ് റൂമിലാണ്. അതീവ സുരക്ഷയുള്ള സ്ട്രോങ് റൂമാണിത്. ശബരിമലയിൽ കാലങ്ങളായി ഭക്തർ സമർപ്പിച്ച അമൂല്യമായ വസ്തുക്കളുണ്ട്. ഇവയുടെ കണക്കെടുപ്പാണ് പ്രധാനമായും അമിക്കസ് ക്യൂറി നടത്തുന്നത്. പരിശോധനയിൽ ഏതെങ്കിലും വസ്തുക്കൾ കാണാതെപോയാൽ അക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും.
തിരുവാഭരണ കമ്മിഷണറും അമിക്കസ് ക്യൂറിക്കൊപ്പമുണ്ട്. വിലപിടിപ്പുള്ള വസ്തു ഒരു ഭക്തൻ സമർപ്പിച്ചാൽ, അതിവേഗത്തിൽ മഹസർ തയാറാക്കുകയും ഏഴ് ദിവസങ്ങൾക്കുള്ള ആറന്മുളയിലേക്ക് മാറ്റണമെന്നുമാണ് ചട്ടം. കണക്കെടുപ്പ് പൂർത്തിയാക്കാൻ രണ്ടു ദിവസം എടുക്കുമെന്നാണ് സൂചന.
















