തിരുവനന്തപുരം: തട്ടിപ്പുകാരുടെയും വെട്ടിപ്പുകാരുടെയും കൊള്ളക്കാരുടെയും കയ്യിൽ നിന്ന് ആരാധനാലയങ്ങളെ രക്ഷിക്കാൻ ബിജെപി നടത്തുന്ന ക്ഷേത്ര വിമോചന സമരങ്ങളാണ് ഓരോ പ്രതിഷേധങ്ങളുമെന്ന് കുമ്മനം രാജശേഖരൻ. സെക്രട്ടറിയേറ്റിന്റെ സമരഗേറ്റില്‍ ആരംഭിച്ച രാപകല്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന്റെ മുന്നില്‍ വരണം. ദേവസ്വം പ്രസിഡന്റുള്‍പ്പെടെ സര്‍ക്കാര്‍ പൊതുമദ്ധ്യത്തില്‍ മാപ്പ് പറയണം. ദേവസ്വം ബോർഡ് എത്രയും പെട്ടെന്ന് രാജിവച്ച് ഒഴിയണം. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരും ഉത്തരം പറയണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. പിണറായി സർക്കാർ നടത്തിയ ആഗോളം സംഗമം ബന്ധുക്കൾക്കും സ്വന്തക്കാർക്കും വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റിന്റെ സമരഗേറ്റില്‍ ആരംഭിച്ച രാപകല്‍ സമരത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം. ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, അനൂപ് ആന്റണി, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പങ്കെടുത്തു. കനത്ത മഴ നനഞ്ഞ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും രാപകല്‍ സമരത്തിന്റെ ഭാഗമായി.
















